ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ മൂന്നാം കക്ഷിമധ്യസ്ഥതയില്ലെന്ന് പാക് വിദേശകാര്യ മന്ത്രി

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ മൂന്നാം കക്ഷിമധ്യസ്ഥതയില്ലെന്ന് പാക് വിദേശകാര്യ മന്ത്രി


ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളില്‍ മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെയാണ് പാക് മന്ത്രിയുടെ പ്രസ്താവന ഖണ്ഡിക്കുന്നത്. 

ഇന്ത്യയുമായി മധ്യസ്ഥതയ്ക്കുള്ള സാധ്യത ഇസ്ലാമാബാദ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് ഉന്നയിച്ചപ്പോള്‍ പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും 'കര്‍ശനമായി ദ്വികക്ഷി' ആണെന്ന് ന്യൂഡല്‍ഹി എല്ലായ്‌പ്പോഴും വാദിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ വ്യക്തമാക്കിയതായി ദാര്‍ പറഞ്ഞു.

മൂന്നാം കക്ഷിയുടെ ഇടപെടലില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ ഇത് ഒരു ഉഭയകക്ഷി കാര്യമാണെന്ന് ഇന്ത്യ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉഭയകക്ഷി കാര്യങ്ങളില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെങ്കിലും സംഭാഷണങ്ങള്‍ സമഗ്രമായിരിക്കണമെന്നും തീവ്രവാദം, വ്യാപാരം, സമ്പദ്വ്യവസ്ഥ, ജമ്മു കശ്മീര്‍, നേരത്തെ ചര്‍ച്ച ചെയ്ത എല്ലാ വിഷയങ്ങളുമെന്നും ദാറിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 

മെയ് മാസത്തില്‍ തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ നിഷ്പക്ഷമായ ഒരു വേദിയില്‍ നടക്കുമെന്നും വാഷിംഗ്ടണ്‍ നേരത്തെ വെടിനിര്‍ത്തല്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജൂലൈ 25ന് വാഷിംഗ്ടണില്‍ റൂബിയോയുമായുള്ള തുടര്‍ കൂടിക്കാഴ്ചയില്‍ ഇന്ത്യ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് ദാറിനോട് പറഞ്ഞു.

ദ്വിരാഷ്ട്രീയ പ്രശ്‌നമാണെന്ന് ഇന്ത്യ പറയുന്നുണ്ടെന്നും തങ്ങള്‍ ഒന്നിനും വേണ്ടി യാചിക്കുന്നില്ലെന്നും പാകിസ്ഥാന്‍ സമാധാനമാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭാഷണമാണ് മുന്നോട്ടുള്ള വഴി എന്ന് തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും ഇന്ത്യ പ്രതികരിച്ചാല്‍ പാകിസ്ഥാന്‍ ഇപ്പോഴും ഇടപെടാന്‍ തയ്യാറാണെന്നും ഡാര്‍ കൂട്ടിച്ചേര്‍ത്തു.