ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ വി നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണാന്‍ നിര്‍ദേശിച്ച കര്‍ണാടക ഹൈക്കോടതി നാലാഴ്ചയ്ക്കുള്ളില്‍ ഫലപ്രഖ്യാപനം നടത്താനും നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു.
ബിജെപി സ്ഥാനാര്‍ഥി കെ എസ് മഞ്ജുനാഥ ഗൗഡ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് ആര്‍ ദേവദാസിന്റെ വിധി. വോട്ടെണ്ണലിലും ഫലപ്രഖ്യാപനത്തിലും ക്രമക്കേടുകള്‍ നടന്നെന്നായിരുന്നു മഞ്ജുനാഥ ഗൗഡയുടെ പരാതി. അതേസമയം, നഞ്ചഗൗഡയ്ക്ക് സുപ്രിം കോടതിയെ സമീപിക്കാന്‍ 30 ദിവസത്തെ സാവകാശം അനുവദിച്ചു.
കോലാര്‍ ജില്ലയിലെ മാലൂരില്‍ നിന്നാണ് നഞ്ചഗൗഡ തെരഞ്ഞെടുക്കപ്പെട്ടത്. ഐക്കിയ ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന വോട്ടെണ്ണല്‍ പ്രക്രിയയുടെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് സുരക്ഷിതമാക്കിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ മുന്‍ കോലാര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ വെങ്കടരാജുവിനോട് കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിക്കണം.