ടെഹ്രാൻ: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിച്ച രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ നാവികസേന അവകാശപ്പെട്ടു. നിയമവിരുദ്ധമായി കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകളെയാണ് ലക്ഷ്യമിട്ടതെന്ന് സർക്കാർ നിയന്ത്രണത്തിലുള്ള ഐആർഐബി ടെലിവിഷനും മെഹർ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ പുതിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളെയും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് എല്ലാ തരത്തിലുള്ള കപ്പൽഗതാഗതത്തിനും അടച്ചതായും ഇറാന്റെ സൈനിക നേതൃത്വം പ്രഖ്യാപിച്ചു.
ഇറാന്റെ ഖാത്തം അൽ അൻബിയ സംയുക്ത സൈനിക കമാൻഡിനെ ഉദ്ധരിച്ച് തസ്‌നീം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 'ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഏത് കപ്പലിനെയും ലക്ഷ്യമിടും. കടലിടുക്ക് ഇപ്പോൾ പൂർണമായും അടച്ചിരിക്കുകയാണ്' എന്നാണ് സൈനിക കമാൻഡിന്റെ മുന്നറിയിപ്പ്.
അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പുതിയ സൈനിക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ കടുത്ത പ്രതികരണം. ലോകത്തെ എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്ക് ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഈ മേഖലയിലെ സംഘർഷം രൂക്ഷമായാൽ ആഗോള എണ്ണവിപണിയിലും അന്താരാഷ്ട്ര വ്യാപാരത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ആശങ്ക.
അമേരിക്കഇറാൻ സംഘർഷം കൂടുതൽ വഷളാകുന്നതിനിടെ പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കകളും അന്താരാഷ്ട്ര തലത്തിൽ ആശങ്കകളും ശക്തമായിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ശ്രമിച്ച കപ്പലുകളെ ആക്രമിച്ചെന്ന് ഇറാൻ
