ഇറാന്റെ ഭീഷണി; ചെറിയ ആക്രമണം പോലും ഇസ്രായേലിനും സഖ്യകക്ഷികള്‍ക്കും വലിയ പ്രത്യാഘാതമുണ്ടാക്കും

ഇറാന്റെ ഭീഷണി; ചെറിയ ആക്രമണം പോലും ഇസ്രായേലിനും സഖ്യകക്ഷികള്‍ക്കും വലിയ പ്രത്യാഘാതമുണ്ടാക്കും


ടെഹ്റാന്‍: ഇസ്രയേലിന്റെ ഏറ്റവും ചെറിയ ആക്രമണം പോലും അവര്‍ക്കു വലിയ വിനാശം വരുത്തിത്തീര്‍ക്കുമെന്ന് ഇറാന്‍ പ്രസിഡന്റിന്റെ ഭീഷണി. പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ യുദ്ധ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഇസ്രയേലിനെതിരേ ഭീഷണിയുടെ സ്വരം കടുപ്പിച്ചത്.

രാജ്യത്തെ വാര്‍ഷിക സൈനിക പരേഡിനെ അഭിസംബോധന ചെയ്യവെയാണ് പ്രസിഡന്റ് ഇസ്രയേലിനും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയത്. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തിന് പ്രതികാരം ചെയ്യാന്‍ ലോകം തയാറെടുക്കുകയാണ്. എല്ലാ ഭാഗത്തുനിന്നും അതിനുള്ള ആഹ്വാനങ്ങളുണ്ട്. ഇസ്രായേല്‍ സന്ദര്‍ശിച്ച യു.കെ വിദേശകാര്യ മന്ത്രിയും ഇന്നലെ അത്തരമൊരു പ്രതികാര നടപടിയാണു സൂചിപ്പിച്ചതും. ഈ പശ്ചാത്തലത്തിലാണ് ഇബ്രാഹിം റൈസിയുടെ പ്രതികരണം.

ഒക്ടോബറില്‍ ഹമാസ് ഇസ്രായേലിനെതിരേ ഗാസയില്‍ യുദ്ധത്തിന് (ഓപ്പറേഷന്‍ അല്‍-അഖ്സ ഫ്ളഡ്) തുടക്കമിട്ടത് മുതല്‍ ലെബനനിലെയും യെമനിലെയും ഇറാനിയന്‍ സഖ്യകക്ഷികള്‍ ഇസ്രയേലിനെതിരേ പോരാട്ടം തുടങ്ങിയിരുന്നു. ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്റെ കോണ്‍സുലേറ്റിനു നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് ഇസ്രായേലിനെതിരേ നേരിട്ടുള്ള ആദ്യ ആക്രമണത്തിന് ഇറാനെ പ്രേരിപ്പിച്ചത്.

ഇറാന്‍ വലിയൊരു ആക്രമണത്തിന് തുനിയുന്നെങ്കില്‍, അവിടെ ഒന്നും അവശേഷിക്കില്ലെന്ന് ഇബ്രാഹിം റൈസി മുന്നറിയിപ്പു നല്‍കി. ഇസ്രയേലിന്റെ ഏത് തിരിച്ചടിക്കും വേഗത്തിലുള്ള മറുപടി നല്‍കുമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരും പ്രഖ്യാപിച്ചു.

''സയണിസ്റ്റ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നവര്‍ അവരുടെ ശക്തിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്ന സമയം വരുമെന്നും ഇറാനിയന്‍ പ്രസിഡന്റ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസ്താവിച്ചു. ക്രിമിനല്‍ ഭരണകൂടവുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമിച്ച രാജ്യങ്ങള്‍ ഇന്ന് അവരുടെ ജനതയ്ക്കു മുന്നില്‍ ലജ്ജിക്കുന്ന കാഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇസ്രയേല്‍ ചരക്കുകപ്പലല്‍ ഇറാന്‍ പിടിച്ചെടുത്തതിനു പിന്നാലെ തിരിച്ചടി ഭയന്ന് ചെങ്കടലില്‍ ഇറാന്‍ വലിയ തയാറെടുപ്പുകളാണ് നടത്തുന്നത്. സ്വന്തം വാണിജ്യ കപ്പല്‍ഗതാഗതത്തിന് അകമ്പടിയായി ചെങ്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കുമെന്ന് ഇറാന്റെ നാവിക കമാന്‍ഡര്‍ ഇന്നലെ പറഞ്ഞു.