ബെയ് റൂട്ട് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ തിരിച്ചടിക്ക് ഇറാൻ ഒരുങ്ങിയിരുന്നു- റിപ്പോർട്ട്

ബെയ് റൂട്ട് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ തിരിച്ചടിക്ക് ഇറാൻ ഒരുങ്ങിയിരുന്നു- റിപ്പോർട്ട്


അമേരിക്കയുമായുള്ള കരാർ നിർത്തിവയ്ക്കാനും ആലോചിച്ചു




ടെഹ്രാൻ: ലെബനനിലെ ബെയ് റൂട്ടിന് സമീപം ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ സൈനിക നടപടി സ്വീകരിക്കാനും അമേരിക്കയുമായുള്ള സമാധാന കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനും ഇറാൻ ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ബെയ് റൂട്ടിലെ ആക്രമണം നയതന്ത്ര ചർച്ചകളെ അട്ടിമറിക്കാൻ ഇടയാക്കിയതോടെയാണ് ഇറാൻ കടുത്ത നിലപാട് സ്വീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ മുഖ്യ ചർച്ചാകാരനായ പാർലമെന്റ് സ്പീക്കർ  മുഹമ്മദ് ബാഗർ ഘലീബാഫ് ഖത്തർ മധ്യസ്ഥരോട് ഇസ്രയേലിനെതിരെ തിരിച്ചടിക്ക് തയ്യാറെടുക്കുകയാണെന്നും അമേരിക്കയുമായുള്ള കരാർ ഒപ്പിടൽ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അറിയിച്ചതായാണ് റിപ്പോർട്ട്. ലെബനനെ ലക്ഷ്യമിട്ടുള്ള ആക്രമണം 'ചുവപ്പ് രേഖ' ലംഘിച്ചതായി ഇറാൻ വിലയിരുത്തിയതായും സൂചനയുണ്ട്.

ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ഇടപെട്ടതായും റിപ്പോർട്ടിൽ പറയുന്നു. സൈനിക നടപടി ഒഴിവാക്കണമെന്ന് ഇറാനോട് അഭ്യർഥിച്ച ട്രംപ്, കരാർ ഒപ്പുവെച്ചാൽ ലെബനനിലെ ആക്രമണങ്ങൾ ഇസ്രയേൽ അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സന്ദേശവിനിമയത്തിൽ ഖത്തർ നിർണായക പങ്കുവഹിച്ചുവെന്നാണ് വിവരം. ബെയ് റൂട്ട് ആക്രമണത്തെ തുടർന്ന് കരാർ തകരുമെന്ന ആശങ്ക ഉയർന്നതോടെയാണ് നയതന്ത്ര ഇടപെടലുകൾ ശക്തമായത്.

അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ച്ചിയും ഘാലിബാഫും സ്വിറ്റ്‌സർലൻഡിലെ ജനീവയിലേക്ക് യാത്രതിരിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനൊപ്പം കരാറിൽ ഔപചാരികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.

കരാർ ഇതിനകം ഡിജിറ്റൽ രീതിയിൽ ഒപ്പുവെച്ചതായി വാൻസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച തന്നെ ഇരുപക്ഷവും ഓൺലൈനായി ധാരണാപത്രം അംഗീകരിച്ചുവെന്നും, എന്നാൽ ഔപചാരിക ഒപ്പിടൽ ചടങ്ങ് വെള്ളിയാഴ്ച ജനീവയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഒപ്പുവെപ്പിന് ശേഷം ഇതുവരെ ഇറാനിലേക്ക് ഒരു സാമ്പത്തിക സഹായവും കൈമാറിയിട്ടില്ലെന്നും കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും വാൻസ് വ്യക്തമാക്കി.

അമേരിക്ക-ഇറാൻ ബന്ധത്തിൽ നിർണായക വഴിത്തിരിവായി വിലയിരുത്തപ്പെടുന്ന ഈ കരാർ അവസാന നിമിഷം വരെ കടുത്ത നയതന്ത്ര നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വഴിവെച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.