അമേരിക്ക-ഇറാൻ കരാർ ഡിജിറ്റലായി ഒപ്പുവെച്ചു; സ്വിറ്റ്‌സർലൻഡിൽ ഔപചാരിക ചടങ്ങ് വെള്ളിയാഴ്ച

അമേരിക്ക-ഇറാൻ കരാർ ഡിജിറ്റലായി ഒപ്പുവെച്ചു; സ്വിറ്റ്‌സർലൻഡിൽ ഔപചാരിക ചടങ്ങ് വെള്ളിയാഴ്ച


വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം (MoU) ഇതിനകം ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് സ്വിറ്റ്‌സർലൻഡിൽ ഈ ആഴ്ച നടക്കാനിരിക്കുന്ന ഔപചാരിക ഒപ്പിടൽ ചടങ്ങിന് മുന്നോടിയായാണ് കരാർ ഓൺലൈനായി അംഗീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'കരാർ ഞങ്ങൾ ഇന്നലെ തന്നെ ഡിജിറ്റലായി ഒപ്പുവെച്ചു,' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിന്നാലെ ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥനും ഇത് സ്ഥിരീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് വാൻസ് എന്നിവർ ഞായറാഴ്ച കരാറിൽ ഡിജിറ്റൽ ഒപ്പുവെച്ചതായും അദ്ദേഹം അറിയിച്ചു.

ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഗാലിഫാഫ് ആണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഔപചാരിക ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ട്.

കരാറിന്റെ പൂർണ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, വാഷിങ്ടണും ടെഹ്രാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇത് നിർണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് തടസമില്ലാതെ തുറന്നുകിടക്കുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കില്ലെന്നും കടലിടുക്ക് സ്വതന്ത്രമായി ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

'കരാർ നിലവിലായതിനാൽ ഹോർമുസ് തുറന്നുകിടക്കാൻ മറ്റ് രാജ്യങ്ങളുടെ വലിയ സഹായം ആവശ്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എന്നിരുന്നാലും സൗഹൃദരാജ്യങ്ങളുടെ ഒന്നോ രണ്ടോ കപ്പലുകൾ മേഖലയിൽ ഉണ്ടായാൽ അത് നല്ല കാര്യമാണ്,' ട്രംപ് പറഞ്ഞു.

ലോക എണ്ണവ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് പുതിയ കരാർ ഉയർത്തുന്നത്. അമേരിക്ക-ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വലിയ നീക്കത്തിന്റെ ഭാഗമായാണ് ഈ ധാരണാപത്രത്തെ വിലയിരുത്തുന്നത്.