അമേരിക്കയുമായി 'സമ്പൂര്‍ണ യുദ്ധ'ത്തിലാണെന്ന് ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍

അമേരിക്കയുമായി 'സമ്പൂര്‍ണ യുദ്ധ'ത്തിലാണെന്ന് ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍


തെഹ്‌റാന്‍: അമേരിക്കയുമായി ഇറാന്‍ നിലവില്‍ 'സമ്പൂര്‍ണ യുദ്ധ'ത്തിലാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. അമേരിക്ക രാജ്യത്തുടനീളം വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കന്‍ സൈന്യം ഇറാനെതിരായ ആക്രമണം ഒന്‍പതാം രാത്രിയിലേക്കു കടന്നിരിക്കെയാണ് പ്രസിഡന്റിന്റെ പ്രതികരണം.

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ട വിവരമനുസരിച്ച് ഇറാന്റെ സൈനിക കമാന്‍ഡ് കേന്ദ്രങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരനിരീക്ഷണ കേന്ദ്രങ്ങള്‍, നാവിക ശേഷി, മിസൈല്‍- ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.

സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം സ്ഥിരീകരിച്ചതിന് പിന്നാലെ വടക്കുപടിഞ്ഞാറന്‍ പ്രധാന നഗരമായ തബ്രീസ് ഉള്‍പ്പെടെ അഞ്ച് ഇറാന്‍ നഗരങ്ങളിലും രണ്ട് പ്രധാന തുറമുഖ പ്രദേശങ്ങളിലും ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ബഹ്‌റൈനും കുവൈത്തിനുമെതിരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരു രാജ്യങ്ങളിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴക്കുകയും ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇറാനില്‍ നിന്ന് എത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി കുവൈത്ത് അറിയിച്ചു. ഇറാന്റെ ആക്രമണത്തില്‍ വൈദ്യുതി, ജലവിതരണം, എണ്ണ സൗകര്യങ്ങള്‍ എന്നിവയ്ക്ക് വലിയ നാശനഷ്ടമുണ്ടായതായും കുവൈത്ത് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ നടപടിയെ അപലപിച്ചു.

ജൂണില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്നുണ്ടായ ഇടവേളയ്ക്ക് ശേഷമാണ് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധം രൂക്ഷമായത്.

യുദ്ധം പുന:രാരംഭിച്ചതോടെ ആഗോള എണ്ണവില ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ലോക വ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടവും ശക്തമായി.

വെടിനിര്‍ത്തല്‍ തകര്‍ന്നതോടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതായും അതിന് മറുപടിയായി ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരെ അമേരിക്ക നാവിക ഉപരോധം പുന:രാരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.