ബെയ്‌റൂത്ത്: യു.എസുമായി ചേര്‍ന്ന് ഇറാനുനേരെയുള്ള ഇസ്രായേല്‍ പ്രത്യാക്രമണം ആസന്നമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ലബനാനിലും ഗാസയിലും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍ സൈന്യം.
ദിവസങ്ങള്‍ക്കിടെ മരണം 2000 കവിഞ്ഞ ലബനാനിലുടനീളം ശനിയാഴ്ച വ്യാപക ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹസന്‍ നസ്രുല്ലയുടെ പിന്‍ഗാമിയായി കരുതുന്ന ഹാശിം സഫിയുദ്ദീനെ ലക്ഷ്യമിട്ട് ബൈറൂത്തിനോടു ചേര്‍ന്ന് ദാഹിയയില്‍ ഹിസ്ബുല്ല ആസ്ഥാനത്ത് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
ബെയ്‌റൂത്തില്‍ പുതുതായി കൂടുതല്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ സേന കുടിയൊഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയതിനാല്‍ പലായനം തുടരുകയാണ്. രണ്ട് ലക്ഷത്തിലേറെ ആളുകള്‍ സിറിയയിലേക്ക് പലായനം ചെയ്തതായി അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈകമീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി എക്‌സില്‍ അറിയിച്ചു.
ലബനാനില്‍ 2000 പേര്‍ കൊല്ലപ്പെട്ടതില്‍ 127 കുട്ടികളും 261 സ്ത്രീകളുമാണെന്ന് ലബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായി വടക്കന്‍ ലബനാനിലെ ട്രിപളി നഗരത്തിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ട്രിപളിയിലെ പാലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിലായിരുന്നു ആക്രമണം. ദക്ഷിണ ലബനാനിലെ മസ്ജിദിനു നേരെയും സലാഹ് ഗന്‍ദൂര്‍ ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായി. തെക്കന്‍ ലബനാനില്‍ നാല് ആശുപത്രികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. അതിനിടെ, ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയെന്ന പേരില്‍ യമനില്‍ 15 കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുന്നുവെന്ന സൂചനയായി സന്‍ആ, ഹുദൈദ, ധമ്മാര്‍ എന്നിവിടങ്ങളിലായിരുന്നു അമേരിക്ക നേരിട്ട് ബോംബ് വര്‍ഷിച്ചത്.
ഇസ്രായേലില്‍ ഇറാന്‍ നടത്തിയ ബോംബുവര്‍ഷത്തിന് മറുപടിയായി അമേരിക്കയുടെ ഏകോപനത്തോടെ ഇസ്രായേല്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ഇസ്രായേലിലേക്ക് തിരിച്ചിട്ടുണ്ട്.
അതിനിടെ, ലബനാനിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ഇസ്രായേല്‍ സൈന്യം സഞ്ചരിച്ച വഴിയില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ച് 20 പേരെയെങ്കിലും കൊലപ്പെടുത്തുകയോ പരിക്കേല്‍പിക്കുകയോ ചെയ്തതായി ഹിസ്ബുല്ലആരോപിച്ചു. ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ഇറാഖിലെ 'ഇസ്!*!ലാമിക് റെസിസ്റ്റന്‍സ്' ഇസ്രായേലിന്റെ അധീനതയിലുള്ള ഗോലാന്‍ കുന്നിലേക്ക് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 15 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ശനിയാഴ്ച സിറിയ സന്ദര്‍ശിച്ച് മേഖലയിലെ സംഭവവികാസങ്ങള്‍ ഉന്നതരുമായി ചര്‍ച്ച ചെയ്തു. വെള്ളിയാഴ്ച അദ്ദേഹം ലബനാനിലെത്തിയിരുന്നു. 10 ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നും അടിയന്തര സഹായമായി ലബനാനിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഗാസയില്‍ 12 പേര്‍ കൂടി കൊല്ലപ്പെട്ടു
ഗാസയില്‍ 24 മണിക്കൂറിനിടെ 12 പാലസ്തീനികള്‍ കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആറുപേര്‍ നുസൈറാത് അഭയാര്‍ഥി ക്യാമ്പിലും അഞ്ചുപേര്‍ ബൈത് ഹാനൂനിലും ഒരാള്‍ ദൈര്‍ അല്‍ ബലാഹിലുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗസ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 41,825 ആയി ഉയര്‍ന്നു. 96,910 പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ നുസൈറാത്, ബുറൈജ് അഭയാര്‍ഥി ക്യാമ്പുകളിലെ 11 ബ്ലോക്കുകളില്‍നിന്ന് ആളുകളോട് അടിയന്തരമായി ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. എന്നാല്‍, പോകാന്‍ ഇടമില്ലാത്ത നിസ്സഹായാവസ്ഥയിലാണ് അഭയാര്‍ഥികള്‍.
വെസ്റ്റ് ബാങ്കില്‍ വ്യാപക റെയ്ഡ്
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് തുടരുന്നു. ഖല്‍ഖില്‍യയില്‍ രണ്ടുപേരെയും നബലുസിലും റാമല്ലയിലും തുബാസിലും ഓരോരുത്തരെയും അറസ്റ്റ് ചെയ്തു. തുബാസില്‍ അറസ്റ്റ് ചെയ്തയാളെ രണ്ടുവര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ മാസം വിട്ടയച്ചതാണ്. ഇവിടെ സൈന്യവും അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വെസ്റ്റ് ബാങ്കിലെ വാദി അല്‍ ഫറ ഗ്രാമത്തില്‍ പാലസ്തീനിയെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ഒരു വര്‍ഷത്തിനിടെ വെസ്റ്റ് ബാങ്കില്‍ 742 പാലസ്തീനികളാണ് ഇസ്രായേല്‍ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 62,50 പേര്‍ക്ക് പരിക്കേറ്റു.
ലബനാനിലും ഗാസയിലും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍; മരണം 2000 കവിഞ്ഞു