ഗാസയില്‍ ഇസ്രയേല്‍ സേന വര്‍ഷങ്ങളോളം നിലയുറപ്പിക്കുമെന്ന് ഭക്ഷ്യസുരക്ഷാ മന്ത്രി

ഗാസയില്‍ ഇസ്രയേല്‍ സേന വര്‍ഷങ്ങളോളം നിലയുറപ്പിക്കുമെന്ന് ഭക്ഷ്യസുരക്ഷാ മന്ത്രി


ടെല്‍ അവിവ്: ഗാസയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇസ്രയേല്‍ പ്രതിരോധ സേന ഉടനെങ്ങും മടങ്ങില്ലെന്ന് വ്യക്തമാക്കി ഇസ്രായേല്‍ ഭക്ഷ്യസുരക്ഷാ മന്ത്രി അവി ഡിച്ചര്‍.
സൈന്യം ഗാസയില്‍ വര്‍ഷങ്ങളോളം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ് മേഖലയില്‍ തിരികെയെത്തുന്നത് തടയുകയും അവിടെ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്റെയോ പലസ്തീനിയന്‍ അതോറിറ്റിയുടെയോ ഭരണസാധ്യതകളെ തള്ളിപ്പറഞ്ഞുകൊണ്ട് ഉപരോധിക്കപ്പെട്ട പ്രദേശത്ത് ഐഡിഎഫിന്റെ ദീര്‍ഘകാല സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് ഡിച്ചറിന്റെ പ്രസ്താവന.

മെഡിറ്ററേനിയന്‍ തീരത്തിനും ഗാസയുടെ കിഴക്കന്‍ ചുറ്റളവിനുമിടയില്‍ സ്ഥാപിച്ചിട്ടുള്ള സൈനിക മേഖലയായ ഗസ്സയിലെ നെറ്റ്‌സാരിം ഇടനാഴിയില്‍, ഫലസ്തീന്‍ പ്രദേശത്ത്, പ്രത്യേകിച്ച് സൈനിക താവളങ്ങള്‍ സ്ഥാപിക്കുന്നതിന് ഐഡിഎഫ് നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണിത്. ''ഞങ്ങള്‍ ഗാസയില്‍ ഇനിയും വളരെക്കാലം തുടരാന്‍ പോകുകയാണ്. വെസ്റ്റ്ബാങ്കിനെപ്പോലെ ഇസ്രായേല്‍ സൈന്യത്തിന് എപ്പോഴും പ്രവേശിക്കാനും പുറത്തേക്ക് പോകാനും കഴിയുന്ന തരത്തിലുള്ള സൈന്യത്തിന്റെ സാഹചര്യം ആളുകള്‍ മനസ്സിലാക്കുന്നുവെന്ന് ഞാന്‍ കരുതുന്നു, നെറ്റ്‌സരിം ഇടനാഴിയില്‍ സൈന്യം ഇനിയും തുടരും'' ഡിച്ചര്‍ വ്യക്തമാക്കി.

അതേസമയം വടക്കന്‍ ഗസ്സയിലെ ബൈത് ലാഹിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 75 പലസ്തീനികള്‍ കൊല്ലപ്പെട്ടു. രക്ഷാപ്രവര്‍ത്തകരെ പോലും പ്രദേശത്ത് അനുവദിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ തെരുവില്‍ ചിതറിക്കിടക്കുകയാണ്. വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ലബനാന്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഹിസ്ബുല്ല മേധാവി നഈം ഖാസിം പറഞ്ഞു.

നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലുള്ളവരാണ് ഇസ്രായേല്‍ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരില്‍ അധികം പേരും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ തെരുവില്‍ ചിതറിക്കിടക്കുകയാണ്. അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങളെ പോലും ഇവിടെ ഇസ്രായേല്‍ തടയുകയാണ്. ബെയ്ത് ലഹിയയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗം മേധാവി അഹമ്മദ് അല്‍ കഹ്ലൂതും ആശുപത്രി പരിസരത്ത് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.