സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായുള്ള കരാര്‍ വെളിപ്പെടുത്താനാകില്ലെന്ന് മാലദ്വീപ്

സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായുള്ള കരാര്‍ വെളിപ്പെടുത്താനാകില്ലെന്ന് മാലദ്വീപ്


മാലി: മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് മാലിയും ന്യൂഡല്‍ഹിയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് ദ്വീപ് രാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി മാലിദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഹമ്മദ് മുയിസു സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം മാര്‍ച്ച് 12ന് 25 സൈനികരടങ്ങുന്ന ആദ്യ ബാച്ചിനൊപ്പം ഇന്ത്യ തങ്ങളുടെ സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങി. രണ്ടാമത്തെ സംഘം ഏപ്രില്‍ 10നകം രാജ്യം വിടുമെന്നാണ് കരുതുന്നത്.

ഇടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് മിഹാരു ന്യൂസിനോട് സംസാരിച്ച മാലിദ്വീപ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാലദ്വീപ് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഭരണകൂടവും ഇന്ത്യയുമായുള്ള പ്രതിരോധ കരാറുകളുടെ വിവരങ്ങള്‍ മറച്ചുവെച്ചതായും റിപ്പോര്‍ട്ട് ഉദ്ധരിച്ചു.

മെയ് 10ന് ശേഷം ഒരു ഇന്ത്യന്‍ സൈനികരും സിവിലിയന്‍ വസ്ത്രം ധരിച്ചവര്‍ പോലും തന്റെ രാജ്യത്ത് ഉണ്ടാകില്ലെന്ന് ചൈനീസ് അനുകൂല നേതാവായി കാണുന്ന മുയിസു നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ അധികാരത്തിലെത്തിയ മുയിസു മാലദ്വീപിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനായി ഏതെങ്കിലും 'വിദേശ സൈനിക സാന്നിധ്യത്തില്‍' നിന്ന് 'മുക്തമായി' തുടരുമെന്ന് ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പുവച്ചു.

മുയിസു പ്രസിഡന്റായതു മുതല്‍ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു.