കാരക്കസ്: വാഷിങ്ടണിന്റെയും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പിന്തുണയോടെ വെനിസ്വേല സ്വതന്ത്രമാകുമെന്ന് പ്രതിപക്ഷ നേതാവ് മരിയ കോരിന മച്ചാഡോ. നിക്കോളാസ് മഡൂറോയെ പിടികൂടുന്നതിന് ട്രംപ് ഉത്തരവിട്ട സൈനിക നടപടിയെ പരാമര്‍ശിച്ചായിരുന്നു മച്ചാഡോയുടെ പ്രതികരണം.
വാഷിങ്ടണില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, വെനിസ്വേല ജനങ്ങളോട് ഞാന്‍ ഉറപ്പുനല്‍കുന്നു വെനിസ്വേല സ്വതന്ത്രമാകും. അത് അമേരിക്കന്‍ ജനങ്ങളുടെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പിന്തുണയോടെയായിരിക്കും സാധ്യമാകുക എന്ന് മച്ചാഡോ പറഞ്ഞു.
രാജ്യം യഥാര്‍ഥമായ ജനാധിപത്യ മാറ്റത്തിന്റെ പാതയില്‍ പ്രവേശിച്ചതായും മച്ചാഡോ വ്യക്തമാക്കി. ജനാധിപത്യത്തിലേക്കുള്ള ഈ പരിവര്‍ത്തനത്തിന്റെ ആദ്യഘട്ടങ്ങളിലേക്കാണ് വെനിസ്വേല കടക്കുന്നതെന്നും ഇത് ജനങ്ങളുടെ ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നതിനൊപ്പം മേഖലക്കും ലോകത്തിനുമാകെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. സ്ഥിരതയുള്ള മാറ്റത്തിന്റെ ഫലം, അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ യു എസിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച സഖ്യകക്ഷിയായ അഭിമാനകരമായ വെനിസ്വേലയായിരിക്കുമെന്നും മച്ചാഡോ കൂട്ടിച്ചേര്‍ത്തു.
നിക്കോളാസ് മഡൂറോയെ നീക്കിയതിനു ശേഷം വാഷിങ്ടണ്‍ തന്നെ ഒഴിവാക്കി മുന്നോട്ട് പോകുന്നുണ്ടെങ്കിലും പ്രസിഡന്റാവാനുള്ള ശ്രമത്തില്‍ താന്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധയാണെന്നും മച്ചാഡോ മുമ്പ് വ്യക്തമാക്കിയിരുന്നു. യു എസ് തലസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഫോക്‌സ് ആന്റ് ഫ്രന്റ്‌സ് പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അവസരം കഴിഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വെനിസ്വേലയെ നയിക്കാന്‍ ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റാവുമെന്ന് വിശ്വസിക്കുന്നതായും മച്ചാഡോ പറഞ്ഞു.
എന്നാല്‍ വെനിസ്വേലയ്ക്കുള്ളില്‍ മച്ചാഡോയ്ക്ക് മതിയായ പിന്തുണയില്ലെന്നാണ് ട്രംപ് പറയുന്നത്. യു എസിന് വെനിസ്വേലന്‍ എണ്ണയില്‍ പ്രവേശനം ഉറപ്പാക്കുന്നതടക്കമുള്ള സഹകരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപ് റോഡ്രിഗസിന് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, 2024ലെ തെരഞ്ഞെടുപ്പ് മഡൂറോ കൃത്രിമമായി നിയന്ത്രിച്ചെന്ന ആരോപണം മച്ചാഡോയുടെ പ്രസ്ഥാനം തുടര്‍ന്നും ഉന്നയിക്കുകയാണ്. ഈ വാദത്തെ യു എസും നിരവധി അന്താരാഷ്ട്ര സഖ്യകക്ഷികളും പിന്തുണച്ചിട്ടുണ്ട്.
