ട്രംപ് വിരുദ്ധ തരംഗം കരുത്തായി: കാനഡയിൽ മാർക്ക് കാർണി ഭൂരിപക്ഷത്തോടെ അധികാരം ശക്തിപ്പെടുത്തി

ട്രംപ് വിരുദ്ധ തരംഗം കരുത്തായി: കാനഡയിൽ മാർക്ക് കാർണി ഭൂരിപക്ഷത്തോടെ അധികാരം ശക്തിപ്പെടുത്തി


ഒട്ടാവ: കാനഡയിൽ പ്രത്യേക തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പ്രധാനമന്ത്രി മാർക്ക് കാർണി നയിക്കുന്ന ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷ സർക്കാർ ഉറപ്പായി. ഇതോടെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയില്ലാതെ തന്നെ നിയമങ്ങൾ പാസാക്കാൻ കഴിയുന്ന നിലയിലേക്ക് സർക്കാർ എത്തിയിരിക്കുകയാണ്.

പാർലമെന്റിലെ 343 മണ്ഡലങ്ങളിൽ ഒഴിവുണ്ടായിരുന്ന മൂന്ന് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ ടൊറന്റോയിലെ ഒരു മണ്ഡലത്തിൽ ലിബറൽ പാർട്ടി വിജയിച്ചതായി കാനഡൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ പ്രവചിച്ചു. മറ്റ് രണ്ട് മണ്ഡലങ്ങളിലെ ഫലങ്ങളും പിന്നീട് പ്രഖ്യാപിക്കാനുണ്ട്.

കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ കാനഡയെ അമേരിക്കയുമായി ലയിപ്പിക്കും എന്ന് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെതിരെ ജനങ്ങളിൽ രൂപപ്പെട്ട അസംതൃപ്തിയാണ് കാർണിക്ക് വലിയ പിന്തുണ നേടിക്കൊടുത്തത്. ആ പശ്ചാത്തലത്തിൽ അധികാരത്തിലെത്തിയ ലിബറൽ പാർട്ടി പുതിയ ഫലങ്ങളോടെ 2029 വരെ അധികാരത്തിൽ തുടരാനുള്ള സാധ്യത ശക്തമാക്കി.

പ്രതിപക്ഷ പാർട്ടികളിൽ നിന്ന് അഞ്ചുപേർ കാർണിയുടെ ലിബറൽ പാർട്ടിയിലേക്ക് ചേർന്നതും ഭൂരിപക്ഷം ഉറപ്പാക്കുന്നതിൽ നിർണായകമായി. ഇതിൽ പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള നാലുപേരും ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പിന് മുൻപ് ഹൗസ് ഓഫ് കോമൺസിൽ ലിബറൽ പാർട്ടിക്ക് 171 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

സ്വിറ്റ്‌സർലൻഡിലെ വേൾഡ് എക്കണോമിക് ഫോറം വേദിയായ ദാവോസിൽ കാർണി നടത്തിയ പ്രസംഗം തന്റെ തീരുമാനത്തെ സ്വാധീനിച്ചതായി ഒരു അംഗം വ്യക്തമാക്കിയിരുന്നു. വലിയ രാജ്യങ്ങൾ ചെറിയ രാജ്യങ്ങളോട് നടത്തുന്ന സാമ്പത്തിക സമ്മർദ്ദങ്ങളെ വിമർശിച്ച കാർണിയുടെ പ്രസംഗം അന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടിയിരുന്നു.

മുൻപ് ബാങ്ക് ഓഫി ഇംഗ്ലണ്ട് മേധാവിയായും കാനഡയുടെ സെൻട്രൽ ബാങ്ക് ഗവർണറായും പ്രവർത്തിച്ച കാർണി, 2025ൽ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി പ്രധാനമന്ത്രിയായതോടെ ലിബറൽ പാർട്ടിയെ മധ്യവലതുപക്ഷ നിലപാടുകളിലേക്ക് നീക്കിയിട്ടുണ്ട്.

 ടൊറൊന്റോയിലെ രണ്ട് മണ്ഡലങ്ങളിലും ലിബറൽ പാർട്ടി വിജയിക്കാൻ സാധ്യതയുണ്ടെന്നും, ടെറബോൺ മണ്ഡലത്തിലും വിജയ സാധ്യത നിലനിൽക്കുന്നതായും മോൺട്രിയലിലെ മാക് ഗിൽ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ പ്രൊഫസർ ഡാനിയൽ ബെലാൻഡ വിലയിരുത്തുന്നു.
ട്രംപ് ഭരണകാലത്ത് കാനഡ-അമേരിക്ക ബന്ധം വഷളായതോടെ, ലിബറൽ പാർട്ടിയുമായി ബന്ധമില്ലാത്തവരടക്കമുള്ള നിരവധി കാനഡക്കാർ പോലും കാർണിക്ക് പിന്തുണ നൽകാൻ ഒരുങ്ങിയെന്നാണ് ബെലാൻഡ് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ രംഗത്തേക്ക് അടുത്തകാലത്താണ് പ്രവേശിച്ചിട്ടുള്ളെങ്കിലും കാർണി കഴിവുള്ള നേതാവായി മാറിയെന്നും, ദാവോസ് പ്രസംഗം അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിക്കാൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.