ട്രംപ് സമ്മർദം കടുപ്പിക്കുന്നു; 37 മയക്കുമരുന്ന് മാഫിയാംഗങ്ങളെ യുഎസിലേക്ക് കൈമാറി മെക്‌സിക്കോ

ട്രംപ് സമ്മർദം കടുപ്പിക്കുന്നു; 37 മയക്കുമരുന്ന് മാഫിയാംഗങ്ങളെ യുഎസിലേക്ക് കൈമാറി മെക്‌സിക്കോ


മെക്‌സിക്കോ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം മയക്കുമരുന്ന് കടത്തിനെതിരെ സമ്മർദം ശക്തമാക്കുന്നതിനിടെ, മെക്‌സിക്കോ 37 മയക്കുമരുന്ന് കാർട്ടൽ അംഗങ്ങളെ കൂടി യുഎസിലേക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയായിരുന്ന 'ഹൈ ഇംപാക്ട് ക്രിമിനലുകൾ' ആണിവരെന്ന് മെക്‌സിക്കൻ സുരക്ഷാമന്ത്രി ഒമർ ഗാർസിയ ഹാർഫുച് അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് മെക്‌സിക്കോ പിടിയിലായ കാർട്ടൽ അംഗങ്ങളെ യുഎസിലേക്ക് കൈമാറുന്നത്. ഇതോടെ ആകെ 92 പേരെയാണ് യുഎസിന് കൈമാറിയതെന്നും ഹാർഫുച് വ്യക്തമാക്കി. മെക്‌സിക്കോ സിറ്റിയുടെ പുറമ്പോക്കിലെ വിമാനത്താവളത്തിൽ നിന്ന് കനത്ത സുരക്ഷയോടെ സൈനിക വിമാനത്തിലേക്ക് പ്രതികളെ കൊണ്ടുപോകുന്ന ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

സിനലോവ കാർട്ടൽ, ബെൽട്രാൻലെയ്വ കാർട്ടൽ, ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ, നോർത്ത് ഈസ്റ്റ് കാർട്ടൽ, സീറ്റാസ് സംഘത്തിന്റെ ശേഷിപ്പുകൾ തുടങ്ങിയ ശക്തമായ മാഫിയ സംഘങ്ങളിലെ പ്രധാനികളാണ് കൈമാറ്റത്തിലുണ്ടായിരുന്നത്. എല്ലാവർക്കുമെതിരെയും യുഎസിൽ കേസുകൾ നിലനിൽക്കുന്നുവെന്ന് മെക്‌സിക്കൻ അധികൃതർ അറിയിച്ചു.

ഇവരിൽ മരിയ ഡെൽ റോസാരിയോ നവാരോ സാഞ്ചസ് എന്ന യുവതിയും ഉൾപ്പെടുന്നു. കാർട്ടലുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ പേരിൽ 'ഭീകരവാദ സംഘടനയ്ക്ക് പിന്തുണ നൽകിയതിന്' യുഎസിൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ മെക്‌സിക്കൻ പൗരനാണ് അവർ.

മെക്‌സിക്കൻ ജയിലുകളിൽ നിന്ന് തന്നെ മയക്കുമരുന്ന് വ്യാപാരം തുടരുന്നത് തടയുന്നതിനായാണ് ഇത്തരം കൈമാറ്റങ്ങൾ നടത്തുന്നതെന്ന് സർക്കാർ വിശദീകരിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിലപാടുകളും, കാർട്ടലുകൾക്കെതിരെ സൈനിക നടപടിയിലേക്കും നീങ്ങാമെന്ന ട്രംപിന്റെ പരാമർശങ്ങളും മെക്‌സിക്കോയെ അധിക നടപടികളിലേക്ക് നിർബന്ധിതമാക്കിയതായാണ് വിലയിരുത്തൽ.

കഴിഞ്ഞ ആഴ്ച ട്രംപുമായി സംസാരിച്ച മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബാം, യുഎസിന്റെ നേരിട്ടുള്ള ഇടപെടൽ ആവശ്യമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, മയക്കുമരുന്ന് കടത്തിനെതിരായ സഹകരണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയ വിജയം കാണിക്കാൻ സഹായിക്കുന്ന നടപടികളാണ് ഇത്തരം കൈമാറ്റങ്ങളെന്ന് അന്താരാഷ്ട്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നു.