മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ പുതിയ കേസുകള്‍ക്ക് നീക്കം; അമേരിക്കന്‍ പൗരന്മാരെ പീഡിപ്പിച്ചെന്ന ആരോപണം

മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ പുതിയ കേസുകള്‍ക്ക് നീക്കം; അമേരിക്കന്‍ പൗരന്മാരെ പീഡിപ്പിച്ചെന്ന ആരോപണം


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പൗരന്മാരെ വെനസ്വേലന്‍ സര്‍ക്കാര്‍ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വെനസ്വേല മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും ഭാര്യ സീലിയ ഫ്‌ളോറസിനുമെതിരെ പുതിയ കുറ്റങ്ങള്‍ ചുമത്താന്‍ ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പുതിയ കുറ്റങ്ങള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

മഡുറോയുടെ ഭരണകാലത്ത് ഒരു ഡസനിലധികം അമേരിക്കന്‍ പൗരന്മാരെ വെനസ്വേലയിലെ ജയിലുകളില്‍ അന്യായമായി തടവിലിട്ടെന്ന അമേരിക്കന്‍ അധികൃതരുടെ ആരോപണമാണ് കേസിന്റെ പ്രധാന ഭാഗം. കസ്റ്റഡിയിലായിരുന്ന അമേരിക്കന്‍ പൗരന്മാര്‍ പീഡനത്തിനും മറ്റ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയായെന്ന ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ട്.

അമേരിക്കന്‍ തടവുകാരെ പീഡിപ്പിച്ചതില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റ് ചിലര്‍ക്കെതിരെയും കുറ്റങ്ങള്‍ ചുമത്തുന്നതിനെക്കുറിച്ച് പ്രോസിക്യൂട്ടര്‍മാര്‍ ആലോചിച്ചിട്ടുണ്ടെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിലവിലുള്ള ഗുരുതരമായ ക്രിമിനല്‍ കേസിന് പുറമേയായിരിക്കും പുതിയ കുറ്റങ്ങള്‍. 

നാര്‍ക്കോ- ടെററിസം ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ മഡുറോയും ഫ്‌ളോറസും നിഷേധിച്ചിട്ടുണ്ട്. നിലവില്‍ ന്യൂയോര്‍ക്കില്‍ ജാമ്യമില്ലാതെ ഇരുവരും കസ്റ്റഡിയിലാണ്.

മഡുറോയുടെ ഭരണകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേക്കുള്ള അമേരിക്കന്‍ പ്രോസിക്യൂഷന്റെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതായിരിക്കും പുതിയ കുറ്റങ്ങള്‍. ഇതോടെ കൂടുതല്‍ വെനസ്വേലന്‍ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാകാനുള്ള സാധ്യതയുണ്ട്.

അതേസമയം, അമേരിക്കന്‍ ജയിലില്‍ ഭര്‍ത്താവ് മഡുറോയ്‌ക്കൊപ്പം കഴിയുന്ന മുന്‍ വെനസ്വേലന്‍ പ്രഥമ വനിത സീലിയ ഫ്‌ളോറസിന് ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്‌നമുണ്ടെന്ന് മരുമകന്‍ അറിയിച്ചു.

ഫ്‌ളോറസിന്റെ ആരോഗ്യനില വളരെ ഗുരുതരമായ അവസ്ഥയിലാണെന്നും അവരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ ജയില്‍ സാഹചര്യത്തില്‍ ആവശ്യമായ ചികിത്സ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളോറസിന്റെ അഭിഭാഷകന്‍ കഴിഞ്ഞ മാസം അവരെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, ഫ്‌ളോറസ് ഒളിവില്‍ പോകാന്‍ ഉയര്‍ന്ന സാധ്യതയുള്ള വ്യക്തിയാണെന്നും പൊതുജനങ്ങള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി അമേരിക്കന്‍ സര്‍ക്കാര്‍ ഈ ആവശ്യം എതിര്‍ത്തു.

ഫ്‌ളോറസിന് ആരോഗ്യപ്രശ്‌നമുണ്ടെന്ന് മഡുറോയുടെ മകന്‍ നിക്കോളാസ് മഡുറോ ഗുവേര എ എഫ് പിയോട് പറഞ്ഞു. അപൂര്‍വവും ഗുരുതരവുമായ സാഹചര്യങ്ങളില്‍ ഈ അവസ്ഥ ഹൃദയസ്തംഭനത്തിലേക്ക് വരെ നയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.