ഏഷ്യയുടെ ശതകോടീശ്വര തലസ്ഥാനം മുംബൈ; പിന്നിലായത് ബീജിങ്

ഏഷ്യയുടെ ശതകോടീശ്വര തലസ്ഥാനം മുംബൈ; പിന്നിലായത് ബീജിങ്


മുംബൈ: ഏഷ്യയുടെ ശതകോടീശ്വരന്‍ തലസ്ഥാനമായി മുംബൈ. ചൈനയുടെ ബീജിങിനെയാണ് മുംബൈ പിന്നിലാക്കിയത്. 

പുതിയ ആഗോള പട്ടിക പ്രകാരം 271 ശതകോടീശ്വരന്മാരുള്ള ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2024 പ്രകാരം കഴിഞ്ഞ വര്‍ഷം 167 പേരാണ് പട്ടികയില്‍ ചേര്‍ന്നത്. ലോകത്ത് ഇപ്പോള്‍ 3,279 ശതകോടീശ്വരന്മാരുണ്ടെന്നാണ് കണക്ക്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത്- 814 പേര്‍. യു എസില്‍ 800 പേരാണുള്ളത്. ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യു എസും ഇന്ത്യയും യഥാക്രമം 109ഉം 84ഉം ശതകോടീശ്വരന്മാരെ ചേര്‍ത്തു.

ഏകദേശം 100 ശതകോടീശ്വരന്മാരെ ചേര്‍ത്തുകൊണ്ട് ഇന്ത്യ വളരെ ശക്തമായെന്നും സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം റെക്കോര്‍ഡ് തലത്തിലേക്ക് വളര്‍ന്നതായും മുംബൈ ബീജിംഗിനെ മറികടന്ന് ഏഷ്യയുടെ ശതകോടീശ്വരന്‍ തലസ്ഥാനമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹുറൂണ്‍ പട്ടികയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് ഇത്തരമൊരു സ്ഥാനം ലഭിക്കുന്നത്. 

ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയും ആദ്യമായി ശതകോടീശ്വരന്മാരുടെ ആദ്യ 10 നഗരങ്ങളില്‍ ഇടം നേടി.

ടെസ്ലയുടെ സ്റ്റോക്കിലെ കുതിച്ചുചാട്ടം മൂലം എലോണ്‍ മസ്‌ക് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യനായി. മാര്‍ക്ക് സക്കര്‍ബര്‍ഗും ലാറി പേജും ഈ വര്‍ഷം ആദ്യ പത്തില്‍ ഇടം നേടി.

സംഗീതജ്ഞന്‍ ടെയ്ലര്‍ സ്വിഫ്റ്റ് 1.2 ബില്യണ്‍ യു എസ് ഡോളറുമായി ശതകോടീശ്വരന്‍ ക്ലബ്ബില്‍ ചേര്‍ന്നു. സമ്പത്തിന്റെ പകുതിയിലേറെയും റോയല്‍റ്റിയില്‍ നിന്നും ടൂറിങ്ങില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

സമ്പത്തിന്റെ കേന്ദ്രീകരണം അഭൂതപൂര്‍വമായ ഉയരങ്ങളിലെത്തുകയാണെന്നും ഹുറൂണ്‍ ടോപ്പ് 10 ആകാനുള്ള കട്ട് ഓഫ് കഴിഞ്ഞ ദശകത്തില്‍ മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്തു. 100 ബില്യണിലധികം യു എസ് ഡോളറുള്ള 13 വ്യക്തികള്‍ ഇപ്പോഴുണ്ട്. 

ലോകത്തിലെ യു എസ് ഡോളര്‍ ശതകോടീശ്വരന്മാരെ റാങ്ക് ചെയ്യുന്ന വാര്‍ഷിക റിപ്പോര്‍ട്ടാണ് ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2024. ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ചൈന, അമേരിക്ക, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, റഷ്യ, ഇറ്റലി, ഫ്രാന്‍സ്, 

ബ്രസീല്‍ എന്നിവയാണ് ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ മികച്ച 10 രാജ്യങ്ങള്‍.

എലോണ്‍ മസ്‌ക് (ടെസ്ല- യു എസ്), ജെഫ് ബെസോസ് (ആമസോണ്‍- യു എസ്), ബെര്‍ണാഡ് അര്‍നോള്‍ട്ട് (എല്‍ വി എം എച്ച്- ഫ്രാന്‍സ്), മാര്‍ക്ക് സക്കര്‍ബര്‍ഗ് (മെറ്റാ- യു എസ്), ലാറി എല്ലിസണ്‍ (ഒറാക്കിള്‍- യു എസ്), വാറന്‍ ബുഫെ (ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ- യു എസ്), സ്റ്റീവ് ബാല്‍മര്‍ ( മൈക്രോസോഫ്റ്റ്- യു എസ്), ബില്‍ ഗേറ്റ്‌സ് (മൈക്രോസോഫ്റ്റ്- യു എസ്), ലാറി പേജ് (ആല്‍ഫബെറ്റ്- യു എസ്), മുകേഷ് അംബാനി (റിലയന്‍സ് ഇന്‍ഡസ്ട്രീസ്- ഇന്ത്യ) എന്നിവരാണ് ലോകത്തിലെ ഏറ്റവും മികച്ച 10 ശതകോടീശ്വരന്മാര്‍.

ന്യൂയോര്‍ക്ക് (യു എസ്), ലണ്ടന്‍ (യു കെ), മുംബൈ (ഇന്ത്യ), ബെയ്ജിംഗ് (ചൈന), ഷാങ്ഹായ് (ചൈന), ഷെന്‍ഷെന്‍ (ചൈന), ഹോങ്കോംഗ് (ചൈന), മോസ്‌കോ (റഷ്യ), ന്യൂഡല്‍ഹി (ഇന്ത്യ), സാന്‍ ഫ്രാന്‍സിസ്‌കോ (യു എസ്) എന്നിവയാണ് ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ മികച്ച 10 നഗരങ്ങള്‍.