വെടി നിര്‍ത്തലിനോ ബന്ദി കൈമാറ്റത്തിനോ കരാറായിട്ടില്ലെന്ന് നെതന്യാഹു

വെടി നിര്‍ത്തലിനോ ബന്ദി കൈമാറ്റത്തിനോ കരാറായിട്ടില്ലെന്ന് നെതന്യാഹു


ടെല്‍അവീവ്: ഗാസ വെടിനിര്‍ത്തലിനോ ബന്ദികളെ കൈമാറ്റം ചെയ്യുന്നതിനോ ഒരു കരാറിലും അന്തിമരൂപമായിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലും ഹമാസും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലും ബന്ദിയാക്കല്‍ കരാറിലും എത്തിയതായി നിരവധി മധ്യസ്ഥര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അന്തിമ വിശദാംശങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടുവരികയാണെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. 

ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കരാറില്‍ ഇനിയും 'നിരവധി വ്യവസ്ഥകള്‍' അംഗീകരിക്കപ്പെടാനുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ''വിശദാംശങ്ങള്‍ ഇന്ന് രാത്രി അന്തിമമാക്കും'' എന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കൂട്ടിച്ചേര്‍ത്തു.

ഗാസ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായും ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്നും നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പേജില്‍ പറഞ്ഞിരുന്നു. 

'വൈറ്റ് ഹൗസില്‍ പോലും ഇല്ലാതെയാണ് തങ്ങള്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചതെന്നും താന്‍ വൈറ്റ് ഹൗസിലേക്ക് മടങ്ങുമ്പോള്‍ സംഭവിക്കുന്ന എല്ലാ അത്ഭുതകരമായ കാര്യങ്ങളും സങ്കല്‍പ്പിക്കുകയെന്നും ട്രംപ് തന്റെ കുറിപ്പില്‍ എഴുതിയിരുന്നു.