'പോരാട്ടം അവസാനിച്ചിട്ടില്ല'; ഇറാന് ആണവായുധം അനുവദിക്കില്ലെന്ന് നെതന്യാഹു

'പോരാട്ടം അവസാനിച്ചിട്ടില്ല'; ഇറാന് ആണവായുധം അനുവദിക്കില്ലെന്ന് നെതന്യാഹു


ജറുസലം : അമേരിക്കയും ഇറാനും തമ്മിൽ യുദ്ധവിരാമവും സമാധാന കരാറും സംബന്ധിച്ച ധാരണയിലെത്തിയിട്ടും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ പൂർണമായി അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ഒരിക്കലും ആണവായുധ ശക്തിയായി മാറാൻ അനുവദിക്കില്ലെന്നും അതിനായുള്ള പോരാട്ടം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ഈ മാസം 19ന് സ്വിറ്റ്‌സർലൻഡിൽ ഔപചാരികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ മധ്യസ്ഥത വഹിച്ച ചർച്ചകളുടെ ഫലമായാണ് ധാരണയിലെത്തിയത്. ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള കപ്പൽഗതാഗതത്തിനായി തുറക്കുന്നതിനും അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുന്നതിനും കരാറിൽ വ്യവസ്ഥകളുണ്ടെന്നാണ് വിവരം.

എന്നാൽ കരാർ പ്രാബല്യത്തിൽ വന്നാലും പ്രദേശത്തെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കില്ലെന്നാണ് വിലയിരുത്തൽ. ലെബനനിൽ ഹിസ്ബുല്ലയ്‌ക്കെതിരായ സൈനിക നടപടികൾ തുടരുകയാണെന്നും അവിടെ പിടിച്ചെടുത്ത മേഖലകളിൽ നിന്ന് പിന്മാറില്ലെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ലെബനനിലെ സംഘർഷം അവസാനിപ്പിക്കുന്നതും അന്തിമ കരാറിന്റെ ഭാഗമാകണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു.

അമേരിക്കയുമായുള്ള വിശ്വാസബന്ധം പുനഃസ്ഥാപിക്കാൻ ഇനിയും ദീർഘമായ വഴി ബാക്കിയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്  ഇസ്മായിൽ ബഘായി  പറഞ്ഞു. 1953ലെ അട്ടിമറി മുതൽ തുടരുന്ന ചരിത്രപരമായ പ്രശ്‌നങ്ങൾ കാരണം ഇരുരാജ്യങ്ങൾക്കിടയിലെ അവിശ്വാസം ആഴത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലെബനന്റെ പരമാധികാരവും ഭൗമ അഖണ്ഡതയും സംരക്ഷിക്കണമെന്ന വ്യവസ്ഥ ഇടക്കാല ധാരണയുടെ ഭാഗമാണെന്നും ബഘായി വ്യക്തമാക്കി. കൂടാതെ, ഇറാനെതിരായ മുൻ നടപടികളെ മറന്നുകാണില്ലെന്നും രാജ്യത്തിന്റെ 'രക്തസാക്ഷികൾക്ക്' നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് നിലവിലെ ധാരണയെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി  കാസിം ഗാരിബാബാദി അഭിപ്രായപ്പെട്ടു. അന്തിമ കരാറിനായുള്ള വിശദമായ ചർച്ചകൾ അടുത്ത രണ്ടുമാസത്തിനകം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലൂടെ ആഗോള എണ്ണക്കയറ്റുമതിക്ക് വലിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷവും മേഖലയിൽ തുടരുന്ന സുരക്ഷാ ആശങ്കകളും കാരണം സമാധാന പ്രക്രിയയ്ക്ക് മുന്നിൽ ഇനിയും വെല്ലുവിളികൾ നിലനിൽക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.