വാഷിങ്ടൺ: അമേരിക്ക-ഇറാൻ ധാരണാപത്രം ഡിജിറ്റൽ രീതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളുടെ ഗതാഗതം പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്നും കപ്പലുകൾക്ക് കടന്നുപോകാൻ അനുമതിയില്ലെന്നും ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. 'എണ്ണ നിറച്ച നിരവധി കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ യാത്ര ആരംഭിച്ചിട്ടുണ്ട്. തെക്കൻ സമുദ്രമാർഗം പൂർണ സുരക്ഷിതമാണ്. മറ്റ് യാത്രാമാർഗങ്ങളും ലഭ്യമാണ്,' എന്നാണ് ട്രംപ് കുറിച്ചത്.
ലോകത്തെ എണ്ണവ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഹോർമുസ് കടലിടുക്ക് യുദ്ധത്തെ തുടർന്ന് ഏറെക്കുറെ സ്തംഭിച്ചിരുന്നു. ലോക എണ്ണവിതരണത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗം ഈ വഴിയിലൂടെയാണ് സാധാരണയായി കടന്നുപോകുന്നത്.
അതേസമയം, ട്രംപിന്റെ അവകാശവാദത്തിന് വിരുദ്ധമായ വിവരങ്ങളാണ് ഇറാന്റെ ഔദ്യോഗിക പ്രക്ഷേപണ സ്ഥാപനമായ ഐആർഐബി പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്കിലൂടെ നിലവിൽ ഒരു കപ്പലിനും കടന്നുപോകാൻ അനുമതിയില്ലെന്നും കഴിഞ്ഞ 96 മണിക്കൂറിലേറെയായി ഗതാഗതം പൂർണമായി നിർത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നാവികസേനയാണ് നിയന്ത്രണം തുടരുന്നതെന്നും അവർ വ്യക്തമാക്കി.
ഇതിനിടെ, അമേരിക്ക-ഇറാൻ ധാരണാപത്രത്തിന്റെ പൂർണരൂപം ഉടൻ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്തെ ആണവകരാറിൽ നിന്ന് വ്യത്യസ്തമായി, ഇത് ശക്തമായ കരാറാണെന്നും പൊതുജനങ്ങൾക്കായി അത് പ്രസിദ്ധീകരിക്കുമെന്നും ട്രംപ് പറഞ്ഞു. സ്വിറ്റ്‌സർലൻഡിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഔപചാരിക ഒപ്പുവെപ്പിന് ശേഷമായിരിക്കും കരാർ പുറത്തുവിടുക എന്നാണ് സൂചന.
അതേസമയം, അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ കരാറിന്റെ പ്രധാന വിവരങ്ങൾ പുറത്തുവിടുമെന്ന് അമേരിക്കൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ ഭാവിയും ആഗോള എണ്ണവിപണിയിലെ പ്രത്യാഘാതങ്ങളും സംബന്ധിച്ച് ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ നീങ്ങിത്തുടങ്ങിയെന്ന് ട്രംപ്; 'ഗതാഗതമില്ലെന്ന് ഇറാൻ
