വാഷിംഗ്ടണ്‍: പാകിസ്ഥാന് പുതിയ അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈലുകള്‍ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അമേരിക്ക. വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നാണ് അമേരിക്കന്‍ എംബസി വ്യക്തമാക്കുന്നത്.
പാകിസ്ഥാന് പുതിയ അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈലുകള്‍ (AMRAAMs) അമേരിക്ക നല്‍കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അടുത്തിടെ ഭേദഗതി ചെയ്ത കരാര്‍ പ്രകാരമാണ് പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈലുകള്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായി്രുന്നു. ഇതു സംബന്ധിച്ച് അമേരിക്കന്‍ യുദ്ധവകുപ്പ് സെപ്റ്റംബര്‍ 30 പ്രസ്താവന ഇറക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാനെ അമേരിക്ക പരിഗണിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറല്‍ അസിം മുനീറും സെപ്റ്റംബറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു പുതിയ ആയുധ വിതരണ കരാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് രംഗത്ത് എത്തുകയും ചെയ്തു. ഇന്ത്യയ്ക്ക് എത്രവേഗമാണ് 'നയതന്ത്ര തിരിച്ചടികള്‍' ഏല്‍ക്കുന്നത് എന്നായിരുന്നു ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പരിഹസിച്ചത്.
എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് തള്ളിയിരിക്കുകയാണിപ്പോള്‍ അമേരിക്ക. കരാര്‍ പരിഷ്‌കരണം സുസ്ഥിരതയ്ക്കും സ്‌പെയര്‍ പാര്‍ട്‌സ് പിന്തുണയ്ക്കും മാത്രമാണെന്നും പുതിയ ആയുധങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്നുമാണ് അമേരിക്കന്‍ എംബസി വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നിലവിലുള്ള വിദേശ സൈനിക വില്‍പ്പന കരാറിലെ ഭേദഗതിയെക്കുറിച്ച് യുദ്ധവകുപ്പ് ഇറക്കിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നുമാണ് അമേരിക്കന്‍ എംബസി പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
'തെറ്റായ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ഈ പരാമര്‍ശിക്കപ്പെട്ട കരാര്‍ പരിഷരണത്തിന്റെ ഒരു ഭാഗവും പാകിസ്ഥാന് പുതിയ അങഞഅഅങകള്‍ വിതരണം ചെയ്യുന്നതിനുള്ളതല്ല' എംബസി വ്യക്തമാക്കി. പാകിസ്ഥാന്റെ നിലവിലെ കഴിവുകളിലേക്കുള്ള അപ്‌ഗ്രേഡ് ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
പാകിസ്ഥാനിലെ പ്രമുഖ ദിനപ്പത്രമായ ഡോണ്‍ ഉള്‍പ്പെടെയായിരുന്നു കരാര്‍ ഭേദഗതിയെക്കുറിച്ചുള്ള യുദ്ധവകുപ്പിന്റെ പ്രസ്താവന പുതിയ ആയുധ വില്‍പ്പനയുമായി ബന്ധിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് വ്യാപക ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതിന് പിന്നാലെയാണ് അമേരിക്കന്‍ എംബസി വിഷയത്തില്‍ വ്യക്തത വരുത്തിയത്. അതേസമയം 2007ല്‍ പാകിസ്ഥാന്‍ തങ്ങളുടെ അമേരിക്കന്‍ നിര്‍മ്മിത എഫ്16 എയര്‍ ക്രാഫ്റ്റിനായി ഏകദേശം 700 AMRAAM-കള്‍ വാങ്ങിയിരുന്നു. എയര്‍ടുഎയര്‍ മിസൈല്‍ സംവിധാനത്തിനുള്ള അക്കാലത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര ഓര്‍ഡറായിരുന്നുവത്.
പാകിസ്ഥാന് പുതിയ അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈലുകള്‍ ഇല്ല; റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അമേരിക്ക
