ഇനി ശ്രദ്ധ യുക്രൈനിലേക്ക്; കഴിയുന്നതെല്ലാം ചെയ്യും: ജി7 ഉച്ചകോടിയില്‍ ട്രംപ്

ഇനി ശ്രദ്ധ യുക്രൈനിലേക്ക്; കഴിയുന്നതെല്ലാം ചെയ്യും: ജി7 ഉച്ചകോടിയില്‍ ട്രംപ്


എവിയാന്‍-ലെ-ബൈന്‍സ്: തെഹ്‌റാനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ ഇനി തന്റെ ശ്രദ്ധ യുക്രൈന്‍ വിഷയത്തിലായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ വിഷയം ഉടന്‍ തന്നെ 'പിന്നിലേക്കുള്ള കാഴ്ചയിലെ ഒരു അധ്യായം' മാത്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവേ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ട്രംപ് അറിയിച്ചു. റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ അമേരിക്കയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെ അദ്ദേഹം നിസ്സാരവത്കരിച്ചെങ്കിലും ഇരുപക്ഷത്തും ഉണ്ടായ വന്‍ ജീവനാശത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഈ സാഹചര്യം പരിഹാസ്യമാണെന്നും അതിനാല്‍, തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ഒരു കരാറിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. റഷ്യയ്ക്ക് വലിയ തോതില്‍ ആളുകളെ നഷ്ടമായെന്നും യുക്രൈനും അതുപോലെ തന്നെ കനത്ത നഷ്ടമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ജി7 ഉച്ചകോടിയുടെ ഭാഗമായി ട്രംപും മറ്റ് ലോകനേതാക്കളും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഒന്നേകാല്‍ മണിക്കൂര്‍ ചര്‍ച്ച നടത്തി. യുക്രൈനും യൂറോപ്പിനും സമാധാനവും സുരക്ഷയും എങ്ങനെ ഉറപ്പാക്കാമെന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാന വിഷയം എന്ന് ഫ്രഞ്ച് സംഘാടകര്‍ അറിയിച്ചു.

അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ട്രംപ് നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഹോര്‍മുസ് കടലിടുക്കില്‍ യൂറോപ്യന്‍ സേനയെ വിന്യസിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാണെന്ന് മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. ആഗോള വിപണികളിലേക്കുള്ള ഊര്‍ജവിതരണം തടസ്സമില്ലാതെ പുന:രാരംഭിക്കുന്നതിനായി ഹോര്‍മുസ് കടലിടുക്ക് എത്രയും വേഗം തുറക്കേണ്ടതിന്റെ ആവശ്യകതയും ജി7 സഖ്യരാജ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

ജി7 നേതാക്കളുടെ സമ്മേളനത്തിന് മുമ്പ് മാക്രോണും സെലന്‍സ്‌കിയും പ്രത്യേകം കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നുള്ള അമേരിക്കന്‍ പിന്തുണ തുടരാനും സമാധാന കരാറിലേക്ക് റഷ്യയെ നയിക്കാന്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനും ട്രംപിനോട് അഭ്യര്‍ഥിക്കുമെന്ന് മാക്രോണ്‍ പറഞ്ഞു.

യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ ജി7 ഉച്ചകോടിക്കിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള അമേരിക്കയുടെ കരാര്‍, റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ക്ക് പുതുജീവന്‍ പകരാനുള്ള അവസരമാണെന്ന് സെലന്‍സ്‌കി വിലയിരുത്തുന്നതായി സിബിഹ റൂബിയോയോട് അറിയിച്ചു.

കീവ്- പെച്ചെര്‍സ്‌ക് ലാവ്രയടക്കമുള്ള മതപരവും സാംസ്‌കാരികവുമായ കേന്ദ്രങ്ങള്‍ക്കെതിരായ റഷ്യന്‍ ആക്രമണങ്ങളെക്കുറിച്ചും സിബിഹ റൂബിയോയോട് വിശദീകരിച്ചു. യുക്രെയ്ന്‍ ജനതയുടെ വിശ്വാസത്തിനും പൈതൃകത്തിനും ദേശീയ വ്യക്തിത്വത്തിനുമെതിരായ യുദ്ധമാണ് മോസ്‌കോ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം, റഷ്യ എണ്ണയും വാതകവും കടത്തുന്നതിനായി ഉപയോഗിക്കുന്ന 'ഷാഡോ ഫ്‌ളീറ്റ്' കപ്പലുകളെയും പാശ്ചാത്യ ഉപരോധങ്ങള്‍ മറികടക്കാന്‍ മോസ്‌കോ ഉപയോഗിക്കുന്ന സാമ്പത്തിക ശൃംഖലകളെയും ലക്ഷ്യമിട്ട് ബ്രിട്ടന്‍ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു.

റഷ്യയുടെ ഉപരോധവിധേയമായ ആര്‍ട്ടിക് എല്‍എന്‍ജി-2 പദ്ധതിയില്‍നിന്നുള്ള ദ്രവീകൃത പ്രകൃതി വാതകം കടത്തുന്നതിനായി അടുത്തിടെ വാങ്ങിയ നിരവധി കപ്പലുകളും ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇതുവരെ 600-ലധികം ഷാഡോ ഫ്‌ളീറ്റ് കപ്പലുകള്‍ക്ക് ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇംഗ്ലീഷ് ചാനലില്‍ റഷ്യയുടെ ഷാഡോ ഫ്‌ളീറ്റില്‍പ്പെട്ട ഒരു കപ്പല്‍ ബ്രിട്ടീഷ് സേന പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.