വത്തിക്കാന്‍: സ്ഥാനാരോഹണ തിരുക്കര്‍മ്മത്തില്‍ താന്‍ പറഞ്ഞതുപോലെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അടയാളമായ ഏകീകൃത സഭയ്ക്കായുള്ള മഹത്തായ ആഗ്രഹം അനുരഞ്ജിതമായ ഒരു ലോകത്തിനുള്ളതായി മാറുന്നുവെന്നത് തിരുവനന്തപുരം സീറോ- മലങ്കര മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ഇവാനിയോസ് തന്റെ ജീവിതം കൊണ്ട് സാക്ഷാത്ക്കരിച്ചതായി മാര്‍പാപ്പ ലിയോ പതിനാലാമന്‍ പറഞ്ഞു. സീറോ- മലങ്കര സഭാംഗങ്ങളുടെ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യേശുവിന്റെ ഹൃദയാനുയായിയായ യഥാര്‍ഥ ഇടയനായിരുന്നു മാര്‍ ഇവാനിയോസെന്നും പരിശുദ്ധാത്മാവിലൂടെ ദൈവജനത്തെ നയിച്ച വിശുദ്ധ നേതാവായിരുന്നു അദ്ദേഹമെന്നും മാര്‍പാപ്പ വ്യക്തമാക്കി.
യൂറോപ്പില്‍ താമസിക്കുന്ന സീറോ- മലങ്കര വൈദികരുടെയും വിശ്വാസികളുടെയും ആദ്യ കോണ്‍ഗ്രസിന്റെ അവസരത്തില്‍ സീറോ- മലങ്കര സഭയുടെ പ്രതിനിധിസംഘത്തെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസിന്റെ 67-ാം ജന്മദിനം കൂടിയായതിനാല്‍ മാര്‍പാപ്പ ജന്മദിനാശംസകള്‍ നേര്‍ന്നു.
ഓഗസ്റ്റില്‍ ആഘോഷിക്കാനിരിക്കുന്ന രജത എപ്പിസ്‌കോപ്പല്‍ ജൂബിലിയോടനുബന്ധിച്ചും അഭിനന്ദനങ്ങളും പ്രാര്‍ഥനകളും അറിയിച്ച മാര്‍പാപ്പ അതിന്റെ അനുസ്മരണങ്ങള്‍ റോമില്‍ പ്രത്യേക ആഘോഷത്തോടെ ആരംഭിച്ചതായും എടുത്തുപറഞ്ഞു.
യൂറോപ്പിലെ സീറോ- മലങ്കര വിശ്വാസികള്‍ക്കായുള്ള അപ്പസ്‌തോലിക സന്ദര്‍ശകനായി നിയമിതനായ ബിഷപ്പ് കുര്യാക്കോസ് മാര്‍ ഓസ്താത്തിയോസിനും പോപ്പ് പ്രത്യേക അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
1932 ജൂണ്‍ 11-ന് മാര്‍പാപ്പ പിയൂസ് പതിനൊന്നാമന്‍ പ്രസിദ്ധീകരിച്ച ക്രിസ്റ്റോ പാസ്റ്ററം പ്രിന്‍സിപി എന്ന അപ്പസ്‌തോലിക ഭരണഘടനയിലൂടെ സഭയുടെ ഹൈറാര്‍ക്കി സ്ഥാപിതമായതിന്റെ 95-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ച വേളയില്‍ തന്റെ മുന്‍ഗാമിയുടെ പ്രസ്തുത രേഖയെ അനുസ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മിഷനറി പ്രവര്‍ത്തനം വാക്കുകളിലൂടെ മാത്രമല്ല, മറിച്ച് വിശുദ്ധ ജീവിതത്തിലൂടെയും യഥാര്‍ഥ കാരുണ്യസേവനത്തിലൂടെയും നടത്തപ്പെടേണ്ടതാണെന്ന് മാര്‍ ഇവാനിയോസ് ഊന്നിപ്പറഞ്ഞിരുന്നുവെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
തന്റെ മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ ചൂണ്ടിക്കാട്ടിയതുപോലെ സുവിശേഷം വ്യാപിക്കുന്നത് ആകര്‍ഷണത്തിലൂടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കിഴക്കന്‍ സഭകളുടെ അമൂല്യ പൈതൃകത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രത്യേകിച്ച് വര്‍ധിച്ചുവരുന്ന പ്രവാസി സമൂഹങ്ങളില്‍ ഇത് കൂടുതല്‍ പ്രധാനമാണെന്നും അദ്ദേഹം വിശദമാക്കി.
തന്റെ പാപ്പാത്വത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ യൂറോപ്പിലുടനീളമുള്ള സീറോ- മലങ്കര കത്തോലിക്കര്‍ക്കായി ആദ്യ സ്ഥിരം അപ്പസ്‌തോലിക സന്ദര്‍ശകനായി ബിഷപ്പ് മാര്‍ ഓസ്താത്തിയോസിനെ നിയമിച്ച കാര്യവും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള ആത്മീയപരിപാലനത്തിന്റെ അവസ്ഥ വിലയിരുത്തുകയും വിശ്വാസികളുടെ ആത്മീയനന്മയ്ക്കായി പ്രാദേശിക മെത്രാന്മാര്‍ക്കും പരിശുദ്ധ സിംഹാസനത്തിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം.
ഇന്ത്യയിലെ വിശുദ്ധ തോമാശ്ലീഹായുടെ ക്രൈസ്തവര്‍ അവരുടെ കുടുംബങ്ങളുടെ ദൃഢതയ്ക്കും അവയില്‍ നിന്ന് ഉദിക്കുന്ന അനേകം വൈദിക- സന്യാസ വിളികള്‍ക്കും പ്രസിദ്ധരാണ്. ആ ശക്തമായ വിശ്വാസം നിങ്ങളുടെ വീടുകളിലും ഹൃദയങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും സമൃദ്ധമായി വളരട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു.
