വത്തിക്കാന്‍: യൂറോപ്പില്‍ താമസിക്കുന്ന സീറോ- മലങ്കര സഭാംഗങ്ങളുടെ ആദ്യ കോണ്‍ഗ്രസില്‍ പങ്കെടുത്ത പ്രതിനിധികളെ മാര്‍പാപ്പ ലിയോ പതിനാലാമന്‍ സ്വീകരിച്ചു. വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍, കിഴക്കന്‍ കത്തോലിക്കാ സഭയായ സീറോ- മലങ്കര സഭയുടെ ആത്മീയവും ആരാധനാക്രമപരവുമായ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, വിശ്വാസികള്‍ തങ്ങളുടെ പാരമ്പര്യങ്ങളോടും സഭാനേതൃത്വത്തോടും ഐക്യത്തില്‍ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോമുമായി പൂര്‍ണ്ണ ഐക്യത്തില്‍ നിലകൊള്ളുന്ന കിഴക്കന്‍ കത്തോലിക്കാ സഭകളില്‍ ഒന്നാണ് സീറോ- മലങ്കര സഭ. ഇന്ത്യയിലെ പുരാതന ക്രൈസ്തവ പാരമ്പര്യത്തില്‍ വിശുദ്ധ തോമാ ശ്ലീഹായുടെ സുവിശേഷ പ്രഘോഷണവുമായി ബന്ധപ്പെട്ടതാണ് ഇതിന്റെ വേരുകള്‍. നിലവില്‍, പ്രധാനമായും കേരളത്തില്‍ കേന്ദ്രീകരിച്ചുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ സഭയ്ക്കുള്ളത്. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ഉണ്ടായ കുടിയേറ്റം യൂറോപ്പ്, വടക്കേ അമേരിക്ക, ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സീറോ-മലങ്കര സമൂഹങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.
