യു.എസ്- ഇറാൻ സമാധാനത്തിന് ഡിജിറ്റൽ കരാറായി, ഹോർമുസിൽ ചരക്കുനീക്കം തുടങ്ങിയെന്ന് ട്രംപ്

യു.എസ്- ഇറാൻ സമാധാനത്തിന് ഡിജിറ്റൽ കരാറായി, ഹോർമുസിൽ ചരക്കുനീക്കം തുടങ്ങിയെന്ന് ട്രംപ്


ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വഴി തെളിക്കുന്ന കരടു കരാര്‍ അമേരിക്കയും ഇറാനും അംഗീകരിച്ചു. കരാറില്‍ ഡിജിറ്റലായി ഒപ്പിട്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഈ കരാറിൽ വെള്ളിയാഴ്ച ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും നേരിട്ട് ഔദ്യോഗികമായി ഒപ്പുവെക്കും. എന്നാൽ, ഇത് അന്തിമ സമാധാന കരാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിലെ അവ്യക്തത, ഇറാന്റെ യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, ഉപരോധങ്ങൾ പിൻവലിക്കുന്ന രീതി എന്നിവയിൽ പൂർണ്ണ സമവായത്തിൽ എത്തിയിട്ടില്ലാത്തതിനാൽ വരും ദിവസങ്ങളിൽ തുടർചർച്ചകൾ നടക്കും.

അതേസമയം, അമേരിക്കയുമായുള്ള സമാധാന ധാരണകൾക്ക് പിന്നാലെ ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി. മൂന്ന് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ അഞ്ച് കപ്പലുകളാണ് നിലവിൽ എത്തിയത്. കടലിടുക്കിലൂടെ ചരക്കുകപ്പലുകളുടെ ഗതാഗതം പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച രാവിലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. “ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ സ്വതന്ത്രമായി സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗവും എണ്ണ കയറ്റുമതി കപ്പലുകളാണ്. പൂർണ സുരക്ഷിതമായ തെക്കൻ കടൽപ്പാതയിലൂടെയാണ് ഇവ ഇപ്പോൾ സഞ്ചരിക്കുന്നത്. ആവശ്യമായ മറ്റ് ബദൽ പാതകളും നിലവിലുണ്ട്,” ട്രംപ് കുറിച്ചു.

ഹോർമുസ് കടലിടുക്ക് പൂർണമായി വെള്ളിയാഴ്ച തുറക്കുമെന്നും പാത ടോൾരഹിതമാകുമെന്നും ട്രംപ് അറിയിച്ചു. യുദ്ധത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള വാണിജ്യക്കപ്പലുകളുടെ ​ഗതാ​ഗതം തടയുന്നതിനായി ഹോർമുസിൽ ഏപ്രിൽ 13 മുതൽ യു എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.