പാരീസ്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെ മറ്റ് ലോക നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ബുധനാഴ്ച വൈകുന്നേരം ആറരയ്ക്ക് നിർണ്ണായക ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 16 മാസങ്ങൾക്ക് ശേഷമാണ് ഇരു നേതാക്കളും നേരിട്ട് കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലും മോദിയും ട്രംപും ചർച്ച നടത്തിയേക്കും.
ഇന്ത്യ - അമേരിക്ക വ്യാപാര കരാർ, അമേരിക്കയുടെ തീരുവ നയം, എച്ച്-1 ബി വിസ നിയന്ത്രണം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ഇന്ത്യൻ നാവികർക്ക് നേരെയുള്ള ആക്രമണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. പശ്ചിമേഷ്യയിലെ സ്ഥിതിഗതിയും നേതാക്കൾ വിലയിരുത്തും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ഇന്ത്യയുടെ ആശങ്കയായി മോദി മുന്നോട്ടുവെക്കാനിടയുണ്ട്.
സമീപകാലത്ത് തീരുവ തർക്കവും റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളും ഉണ്ടായിരുന്നെങ്കിലും, ഇരു രാജ്യങ്ങളും വ്യാപാര കരാറിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സംഘർഷം അവസാനിപ്പിക്കാൻ താനാണ് ഇടപെടൽ നടത്തിയതെന്ന് ട്രംപ് പലക്കുറി അവകാശവാദം ഉന്നയിച്ചിരുന്നു. ഈക്കാര്യങ്ങളിൽ മോദി എന്ത് നിലപാട് അറിയിക്കുമെന്നതും പ്രധാനമാണ്. വിഷയം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ, അമേരിക്കയോട് നിരുപാധിക മാപ്പ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് പ്രതികരിച്ചു. കീഴടങ്ങിയ മോദി വീണ്ടും നിശബ്ദത തുടരുകയാണ് എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും അമേരിക്കൻ അമേരിക്കൻ വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം അമേരിക്കൻ പ്രസ്താവന പുറത്ത് വന്നിരുന്നു. ഇതിൽ ഖേദം പ്രകടിപ്പിക്കുന്നതിന് പകരം അമേരിക്ക മുന്നറിയിപ്പ് നൽകുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ശശി തരൂർ അടക്കം നേതാക്കൾ വിമർശിച്ചിരുന്നു. ഉപരോധം ലംഘിക്കുന്ന ഒരു നടപടിയും സഹിക്കില്ല എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. അതുകൊണ്ടുതന്നെ ട്രംപിനോട് മോദി നേരിട്ട് പ്രതിഷേധം അറിയിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ട്രംപ് പാരീസിൽ; ജി 7 ഉച്ചകോടിയിൽ നിർണായക ചർച്ചകൾക്ക് തുടക്കം
