ജറുസലം : പ്രമുഖ പലസ്തീൻ ആക്ടിവിസ്റ്റും ഓസ്‌കർ പുരസ്‌കാരം നേടിയ 'നോ അതർ ലാൻഡ്' ഡോക്യുമെന്ററിയുടെ സഹനിർമാതാവുമായ ഔദ ഹദാലീൻ ഇസ്രയേൽ കുടിയേറ്റക്കാരന്റെ വെടിയേറ്റുമരിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ഉമ്മുൽ ഖൈർ ഗ്രാമത്തിൽ തിങ്കളാഴ്ച ഒട്ടേറെപ്പേർ നോക്കിനിൽക്കേയാണു വെടിയുതിർത്തത്. ആക്രമണത്തിന്റെ വിഡിയോയും പുറത്തുവന്നു. സംഭവത്തെത്തുടർന്ന് ഇസ്രയേലികളെ ആക്രമിച്ചെന്നാരോപിച്ചു 4 പലസ്തീൻകാരെയും 2 വിദേശ ടൂറിസ്റ്റുകളെയും അറസ്റ്റ് ചെയ്ത ഇസ്രയേൽ സൈന്യം, കല്ലേറിനെത്തുടർന്നാണു വെടിവയ്പുണ്ടായതെന്നും അവകാശപ്പെട്ടു.
വിഡിയോയിൽ തോക്കുമായി ഭീഷണിയുയർത്തുന്ന ഇസ്രയേലുകാരൻ പലസ്തീൻകാരുമായി തർക്കത്തിലേർപ്പെടുന്നതു കാണാം. തുടർന്ന് ആൾക്കൂട്ടത്തിനുനേരെ വെടിവയ്ക്കുകയായിരുന്നു. ദൂരെ മാറിനിന്ന ഔദയ്ക്കു വെടിയേറ്റെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. വെസ്റ്റ്ബാങ്കിലെ പലസ്തീൻഗ്രാമങ്ങളിലെ ഇസ്രയേൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ ചിത്രീകരിച്ച നോ അതർ ലാൻഡിന് 2024ൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കറാണു ലഭിച്ചത്.
പലസ്തീൻ ആക്ടിവിസ്റ്റും ഓസ്‌കർ പുരസ്‌കാരജേതാവുമായ ഔദ ഹദാലീൻ ഇസ്രയേൽ കുടിയേറ്റക്കാരന്റെ വെടിയേറ്റുമരിച്ചു
