ടൊറന്റോ: ഇന്ത്യയിലെ ഛത്തീസ്ഗഡില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള രണ്ട് കത്തോലിക്കാ സിസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തതിനെ കനേഡിയന്‍ കേരള കാത്തലിക് കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കും മതവിശ്വാസികള്‍ക്കും എതിരായ പീഡനത്തിന്റെ പ്രധാന ഭാഗമാണിതെന്നും ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും ദുര്‍ബലപ്പെടുത്തുന്നുവെന്നും കനേഡിയന്‍ കേരള കാത്തലിക് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
കേസുകള്‍ സുതാര്യമായി അവലോകനം ചെയ്യാനും നീതി ഉറപ്പാക്കാനും അധികാരികളോട് ആവശ്യപ്പെടുകയും ഇരകളായ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
മതന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്നതിനും സഹിഷ്ണുതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനും കനേഡിയന്‍ കേരള കാത്തലിക് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.