യുഎസ് താരിഫ്: ഇന്ത്യന്‍ രൂപ മൂല്യത്തകര്‍ച്ച നേരിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

യുഎസ് താരിഫ്:  ഇന്ത്യന്‍ രൂപ മൂല്യത്തകര്‍ച്ച നേരിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നികുതി ചുമത്തിയതിന് പിന്നാലെ ഇന്ത്യന്‍ രൂപ മൂല്യത്തകര്‍ച്ച നേരിടാന്‍ സാധ്യതയെന്ന് ഐസിഐസിഐ ബാങ്കിന്റെ റിപ്പോര്‍ട്ട്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 88.5 ആയി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ രൂപയുടെ മൂല്യം ഇതിനോടകം 2.4 ശതമാനം ഇടിഞ്ഞിട്ടുണ്ടെന്നും നിലവില്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 87.55 എന്ന നിലയിലാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയതായും പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ റിയല്‍ എഫ്ടീവ് എക്‌സ്‌ചേഞ്ച് റെയ്റ്റ് വച്ചുനോക്കുമ്പോള്‍ 100ന് അടുത്തായി രൂപ മികച്ച നിലയിലാണ്. ഈ വര്‍ഷം യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 8 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകള്‍. എന്നിരുന്നാലും നിരവധി വ്യാപാര കരാറുകളില്‍ ഒപ്പുവച്ചതിനാല്‍ ഈ മാസം ഡോളര്‍ സൂചിക വീണ്ടും വര്‍ധിച്ചു. ഇത് ഇന്ത്യന്‍ രൂപ ഉള്‍പ്പെടെ മിക്ക കറന്‍സികളിലും പൊതുവായ മൂല്യത്തകര്‍ച്ചക്ക് കാരണമായി.

ഇന്ത്യക്കുമേലുള്ള പുതിയ യുഎസ് തീരുവകള്‍ നേരത്തെ നിശ്ചയിച്ചിരുന്ന 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. ചൈന ഒഴികെയുള്ള മിക്ക ഏഷ്യന്‍ കയറ്റുമതിക്കാര്‍ക്കും ചുമത്തിയിരുന്ന 15 മുതല്‍ 20 ശതമാനം തീരുവയെക്കാള്‍ കൂടുതലാണ് ഈ നിരക്കുകള്‍.

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ യുഎസില്‍ നിന്നും വലിയ തോതിലുള്ള ഇറക്കുമതിയാണ്ടായപ്പോള്‍ വ്യവസ്ഥകളില്‍ ഇളവുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉയര്‍ന്ന തീരുവകള്‍ തുടര്‍ന്നാല്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ചുരുങ്ങുകയും ഇത് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും പ്രസ്തുത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതത്തില്‍ യുഎസ് ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.9 ശതമാനം കുറഞ്ഞു. എന്നാല്‍ വരും മാസങ്ങളില്‍ ഈ ഇടിവ് ത്വരിതപ്പെട്ടേക്കാം. ഇന്ത്യയിലേക്കുള്ള തീരുവകള്‍ മുന്‍ നിലവാരത്തില്‍ നിന്ന് ഏകദേശം 20 ശതമാനം വര്‍ധിക്കുകയും ഡിമാന്‍ഡ് ഇലാസ്റ്റിസിറ്റി 1.0 ആയി കണക്കാക്കുകയും ചെയ്യുന്നതിനാല്‍ ഇന്ത്യയെ കൂടാതെ തീരുവകള്‍ നേരിടുന്ന മിക്ക രാജ്യങ്ങള്‍ക്കും ഡിമാന്‍ഡില്‍ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

25 ശതമാനം ഉയര്‍ന്ന തീരുവ ഇന്ത്യയുടെ ജിഡിപിയില്‍ 0.3 മുതല്‍ 0.4 ശതമാനം ഇടിവിന് കാരണമാകുമെങ്കിലും മറ്റ് മേഖലകളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചാല്‍ മൊത്തത്തിലുള്ള ആഘാതം 0.1 മുതല്‍ 0.2 ശതമാനമായി പരിമിതപ്പെടുത്തിയേക്കാം. ആഗോള എണ്ണവില എങ്ങനെ നീങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമിത്. ആഗോള വളര്‍ച്ചയിലെ മാന്ദ്യം എണ്ണവില കുറച്ചേക്കാം. എന്നാല്‍ റഷ്യന്‍ ക്രൂഡിന് മേലുള്ള അധിക ഉപരോധങ്ങള്‍ ഒരു പ്രതിരോധ ശക്തിയായി പ്രവര്‍ത്തിച്ചേക്കാം.

വിവിധ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിനെയാണ് ഇപ്പോള്‍ എടുത്തു കാണിക്കുന്നത്. ഓഗസ്റ്റ് 7 മുതലാണ് പുതിയ തീരുവകള്‍ പ്രാബല്യത്തില്‍ വരുന്നത്. 41 ശതമാനം വരെ ഉയര്‍ന്ന തീരുവ ചുമത്താനാണ് നീക്കം. കൂടാതെ കനേഡിയന്‍ ഇറക്കുമതിക്ക് നിലവിലെ 25 ശതമാനത്തില്‍ നിന്ന് 35 ശതമാനം വരെ വര്‍ധനവ് ഏര്‍പ്പെടുത്തി. ക്യാനഡ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, ബ്രസീല്‍ തുടങ്ങി യൂറോപ്യന്‍ യൂണിയന്‍ അടക്കം 68 രാജ്യങ്ങളെയാണ് ഇത് ബാധിക്കുവാന്‍ പോകുന്നത്.