യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പെസെഷ്‌കിയാനും അരാഖ്ചിയും; ഇറാൻ പ്രതിനിധി സംഘത്തിന് അമേരിക്കയുടെ അനുമതി

യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പെസെഷ്‌കിയാനും അരാഖ്ചിയും; ഇറാൻ പ്രതിനിധി സംഘത്തിന് അമേരിക്കയുടെ അനുമതി


ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചിക്കും അനുമതി നൽകി അമേരിക്ക. അടുത്തയാഴ്ച നടക്കുന്ന 81ാമത് യുഎൻ പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പരിമിതമായ ഇറാൻ പ്രതിനിധി സംഘത്തിന് പ്രവേശനം അനുവദിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

പെസെഷ്‌കിയാനും അരാഖ്ചിയും ആവശ്യമായ ജീവനക്കാരും ഉൾപ്പെടുന്നതായിരിക്കും ഇറാൻ സംഘമെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അമേരിക്കയുടെ ആതിഥേയരാജ്യ ബാധ്യതകൾ പാലിച്ചാണ് ഇറാൻ പ്രതിനിധി സംഘത്തിന് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. എന്നാൽ, സംഘത്തിന്റെ അംഗസംഖ്യ ഗണ്യമായി കുറയ്ക്കുമെന്നും കർശനമായ യാത്രാനിയന്ത്രണങ്ങളും ആഡംബര ഇറക്കുമതി നിരോധനങ്ങളും ബാധകമാക്കുമെന്നും അധികൃതർ അറിയിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ യുഎൻ പൊതുസഭാ സമ്മേളനം നടക്കുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും വാഷിങ്ടണും ടെഹ്രാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതും സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുകയാണ്. ആഗോള കടൽമാർഗമുള്ള ഊർജ ഗതാഗതത്തിന്റെ ഏകദേശം 20 ശതമാനം കടന്നപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള എണ്ണവിലയിൽ കുത്തനെ വർധനവിന് കാരണമായിട്ടുണ്ട്.

ഇറാനുമായുള്ള സംഘർഷം അവസാനത്തിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും മേഖലയിലെ പോരാട്ടങ്ങൾ തുടരുകയാണ്. ഇറാൻ അധികൃതരുമായി തന്റെ ഭരണകൂടം നേരിട്ട് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബാബ് അൽ മന്ദബ് കടലിടുക്കിന് ചുറ്റുമുള്ള സംഘർഷങ്ങളും രൂക്ഷമായി. ഹൂതി സേനയുടെ നിയന്ത്രണവും യെമനിലെ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുമായുള്ള പോരാട്ടവും മേഖലയിൽ തുടരുകയാണ്.

ഇറാൻ പ്രതിനിധികൾക്ക് യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്ക അനുമതി നൽകിയ അതേ ഘട്ടത്തിലാണ് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും പലസ്തീൻ അതോറിറ്റിയിലെ നിരവധി ഉദ്യോഗസ്ഥർക്കും അമേരിക്ക പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ് അബ്ബാസിനും മറ്റ് പലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥർക്കും അമേരിക്ക വിസ നിഷേധിക്കുന്നത്. കഴിഞ്ഞ വർഷം വിസ നിയന്ത്രണങ്ങൾ കാരണം അബ്ബാസിന് യുഎൻ പൊതുസഭയെ ഓൺലൈനായി അഭിസംബോധന ചെയ്യേണ്ടിവന്നിരുന്നു.

എന്നാൽ, യുഎന്നിൽ നേരത്തെ അംഗീകാരം ലഭിച്ചിട്ടുള്ള നയതന്ത്ര ഉദ്യോഗസ്ഥർ മഖേന പലസ്തീന് സമ്മേളനത്തിൽ പ്രാതിനിധ്യമുണ്ടാകും. അബ്ബാസിന്റെ പേര് പ്രത്യേകം പരാമർശിക്കാതെയാണ് പലസ്തീൻ അതോറിറ്റി, പലസ്തീൻ വിമോചന സംഘടന (പിഎൽഒ) ഉദ്യോഗസ്ഥർക്കെതിരായ വ്യാപക വിസ നിരോധനം അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കയുമായുള്ള പരിഷ്‌കരണ പ്രതിബദ്ധതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതും സമാധാനസാധ്യതകൾക്ക് തുരങ്കംവയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമാണ് നടപടിക്ക് കാരണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

പലസ്തീൻ ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാനടപടികളും നിയന്ത്രണങ്ങളും സമാധാനം മന്നോട്ടുകൊണ്ടപോകുന്നതിനോ അക്രമം തടയുന്നതിനോ സഹായിക്കില്ലെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. രാഷ്ട്രീയപരിഹാരത്തിന് പ്രതിജ്ഞാബദ്ധമായ പലസ്തീൻ പങ്കാളിയെ ഇത്തരം നടപടികൾ ദുർബലപ്പെടുത്തുമെന്നും ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കാനും അധിനിവേശം, കുടിയേറ്റം, കൂട്ടിച്ചേർക്കൽ എന്നിവ ശക്തിപ്രയോഗത്തിലൂടെ നടപ്പാക്കാനും ശ്രമിക്കുന്ന ശക്തികൾക്ക് പ്രോത്സാഹനമാകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.