ഇസ്താംബുള്‍/ അങ്കാറ: നാല് പതിറ്റാണ്ടിലേറെയായി തുര്‍ക്കിയുമായി രക്തരൂക്ഷിതമായ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി കെ കെ) സായുധ പോരാട്ടം അവസാനിപ്പിക്കാനും സംഘടന പിരിച്ചുവിടാനും തീരുമാനിച്ചതായി ഗ്രൂപ്പ് അംഗങ്ങളും തുര്‍ക്കി നേതാക്കളും പറഞ്ഞു.
1984ല്‍ കുര്‍ദിഷ് രാഷ്ട്ര ലക്ഷ്യവുമായി പി കെ കെ കലാപം ആരംഭിച്ചതിനുശേഷം 40,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച നടന്ന കോണ്‍ഗ്രസില്‍ പികെകെയുടെ തീരുമാനം നാറ്റോ അംഗരാജ്യമായ തുര്‍ക്കിയുടെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കുകയും അയല്‍രാജ്യങ്ങളായ ഇറാഖിലും സിറിയയിലും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അവിടെ കുര്‍ദിഷ് സേന യുഎസ് സേനയുമായി സഖ്യത്തിലാണ്.
അങ്കാറയില്‍ നടന്ന മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിച്ച പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ഈ തീരുമാനം സുപ്രധാന ചുവടുവയ്പ്പാണെന്നും തീവ്രവാദ രഹിത രാജ്യം എന്ന അങ്കാറയുടെ ലക്ഷ്യത്തിലേക്കുള്ള 'പ്രധാനപ്പെട്ട നീക്കമാണെന്നും' വിശേഷിപ്പിച്ചു.
'ഭീകരതയും അക്രമവും പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നതോടെ രാഷ്ട്രീയവും ജനാധിപത്യ ശേഷിയും ശക്തിപ്പെടുത്തല്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി കെ കെ പിരിച്ചുവിടാനുള്ള തീരുമാനത്തെ അങ്കാറ സ്വാഗതം ചെയ്‌തെങ്കിലും സമാധാനം ഉറപ്പു വരുത്താനാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തുര്‍ക്കിയും പാശ്ചാത്യ സഖ്യകക്ഷികളും തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ച പികെകെയെ സുരക്ഷിതമായി നിരായുധീകരിക്കുന്നതിനുള്ള തന്ത്രപരമായ നിയമ ചട്ടക്കൂടുകള്‍ക്കാണ് വഴിയൊരുങ്ങുന്നത്.
പികെകെയുടെ 12-ാം കോണ്‍ഗ്രസ് പികെകെയുടെ സംഘടനാ ഘടന പിരിച്ചുവിടാനും സായുധ പോരാട്ടം അവസാനിപ്പിക്കാനും തീരുമാനിച്ചുവെന്ന് ഫിറാത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പികെകെയുമായി ബന്ധപ്പെട്ട ഒരാള്‍ തീരുമാനം സ്ഥിരീകരിച്ചു. എല്ലാ സൈനിക നടപടികളും 'ഉടനടി' നിര്‍ത്തുമെന്നും ആയുധ കൈമാറ്റം അങ്കാറയുടെ പ്രതികരണത്തെയും കുര്‍ദിഷ് അവകാശങ്ങളോടുള്ള സമീപനത്തെയും പികെകെ പോരാളികളുടെയും നേതാക്കളുടെയും വിധിയെയും ആശ്രയിച്ചിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിയിലെ 86 ദശലക്ഷം ജനസംഖ്യയുടെ ഏകദേശം 20 ശതമാനം കുര്‍ദുകളാണ്.
1999 മുതല്‍ ഇസ്താംബൂളിന് തെക്കുള്ള ഒരു ദ്വീപില്‍ തടവില്‍ കഴിയുന്ന തങ്ങളുടെ നേതാവ് അബ്ദുള്ള ഒകലാന്‍ ഫെബ്രുവരിയില്‍ സംഘടന പിരിച്ചുവിടാന്‍ ആഹ്വാനം നല്‍കിയതിനു പിന്നാലെയാണ് പികെകെ കോണ്‍ഗ്രസ് നടത്തിയത്.
പികെകെ തീരുമാനം 'ചരിത്രപരമായ പ്രാധാന്യമുള്ളതാണ്' എന്നും മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും 'ശാശ്വത സമാധാനവും സ്ഥിരതയും' കൊണ്ടുവരുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ പറഞ്ഞു.
വടക്കന്‍ ഇറാഖ്, സിറിയ, യൂറോപ്പ് എന്നിവിടങ്ങളിലെ കുര്‍ദിഷ് പോരാളികളെയും ഉള്‍ക്കൊള്ളുന്ന തീരുമാനമായാണ് അങ്കാറ ഇതിനെ കാണുന്നതെന്ന് എര്‍ദോഗന്‍ പറഞ്ഞു.
കുര്‍ദിഷ് വംശജര്‍ കൂടുതലുള്ള തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ വികസനം വര്‍ധിപ്പിക്കാന്‍ പിരിച്ചുവിടല്‍ എര്‍ദോഗന് അവസരം നല്‍കും. അവിടെ പതിറ്റാണ്ടുകളായുള്ള കലാപം പ്രാദേശിക സമ്പദ്വ്യവസ്ഥയെ തളര്‍ത്തിയിട്ടുണ്ട്.
പികെകെ പ്രസ്താവനയില്‍ തങ്ങളുടെ രിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കി എന്നാണ് അവകാശപ്പെ്ട്ടത്. വര്‍ഷങ്ങളായി സ്വതന്ത്ര രാഷ്ട്രത്തിനുപകരം തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ കൂടുതല്‍ കുര്‍ദിഷ് അവകാശങ്ങളും പരിമിതമായ സ്വയംഭരണവും തേടുന്നതിലേക്ക് അത് മാറി.
തുര്‍ക്കിയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ കുര്‍ദിഷ് അനുകൂല ഡിഇഎം പാര്‍ട്ടി, ഒകാലന്റെ സമാധാന ആഹ്വാനം സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പികെകെ തീരുമാനം കുര്‍ദിഷ് ജനതയ്ക്ക് പ്രധാനമാണെന്ന് പാര്‍ട്ടി ഡെപ്യൂട്ടി നേതാവ് തയിപ് ടെമല്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.