സമാധാനം സംരക്ഷിക്കാന്‍ യുക്രെയ്‌നില്‍ സൈന്യത്തെ വിന്യസിക്കാന്‍ തയ്യാറെന്ന് യുകെ പ്രധാനമന്ത്രി

സമാധാനം സംരക്ഷിക്കാന്‍ യുക്രെയ്‌നില്‍ സൈന്യത്തെ വിന്യസിക്കാന്‍ തയ്യാറെന്ന് യുകെ പ്രധാനമന്ത്രി


സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്‌നിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നതിന് യുകെ സൈനികരെ കരയില്‍ വിന്യസിക്കാന്‍ താന്‍ 'തയ്യാറാണെന്ന് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍.

ഭാവിയില്‍ കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് പുട്ടിനെ തടയണമെങ്കില്‍ യുക്രെയ്‌നില്‍ ശാശ്വത സമാധാനം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് യുകെ പ്രധാനമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച പാരീസില്‍ യൂറോപ്യന്‍ നേതാക്കളുമായി നടന്ന അടിയന്തര ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പാണ്, 'ആവശ്യമെങ്കില്‍ നമ്മുടെ സ്വന്തം സൈന്യത്തെ നിലത്ത് നിര്‍ത്തിക്കൊണ്ട് 'യുക്രെയ്‌നിന്റെ സുരക്ഷാ ഉറപ്പുകള്‍ക്ക് സംഭാവന നല്‍കാന്‍ യുകെ തയ്യാറാണെന്ന് സര്‍ കെയര്‍ പറഞ്ഞത്.

അത് നിസ്സാരമായ കാര്യം എന്ന നിലയിലല്ല താന്‍ പറയുന്നതെന്ന്  അദ്ദേഹം ടെലിഗ്രാഫില്‍ എഴുതി. 'ബ്രിട്ടീഷ് സൈനികരെയും സ്ത്രീകളെയും അപകടത്തിലാക്കുന്നതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് തനിക്ക് വളരെ ആഴത്തില്‍ ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'എന്നാല്‍ യുക്രെയ്‌നിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന ഏതൊരു പങ്കും നമ്മുടെ ഭൂഖണ്ഡത്തിന്റെയും ഈ രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നതിനു തുല്യമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുക്രെയ്‌നുമായുള്ള റഷ്യയുടെ യുദ്ധം അവസാനിക്കണമെങ്കില്‍ ശാശ്വത സമാധാനം ഉറപ്പാക്കണം- സര്‍ കെയര്‍ പറഞ്ഞു.

യുക്രെയ്നിന്റെ അധീനതയിലുള്ളതും റഷ്യന്‍ അധീനതയിലുള്ളതുമായ പ്രദേശങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിയില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ക്കൊപ്പം യുകെ സൈനികരെയും വിന്യസിക്കാം.

യുകെ സൈന്യം 'വളരെ ദുര്‍ബലമായതിനാല്‍ ' യുക്രെയ്നിലെ ഭാവിയിലെ ഒരു സമാധാന ദൗത്യത്തിനും നേതൃത്വം നല്‍കാന്‍ കഴിയില്ലെന്ന് മുന്‍ സൈനിക മേധാവി ലോര്‍ഡ് ഡാനറ്റ് ബിബിസിയോട് പറഞ്ഞതിന് ശേഷമാണ് സര്‍ കെയറിന്റെ വ്യത്യസ്തമായ പ്രഖ്യാപനം.

വെടിനിര്‍ത്തലിന് ശേഷം യുക്രെയ്നിനെ സംരക്ഷിക്കുന്നതില്‍ ബ്രിട്ടീഷ് സൈനികര്‍ക്ക് പങ്കാളികളാകാമെന്ന് പ്രധാനമന്ത്രി മുമ്പ് സൂചന നല്‍കിയിരുന്നു.

ഈ മാസം അവസാനം വാഷിംഗ്ടണില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കാനിരിക്കെ, 'ശാശ്വത സമാധാനത്തിന് യുഎസ് സുരക്ഷാ ഉറപ്പ് അത്യാവശ്യമാണ്, കാരണം യുഎസിന് മാത്രമേ പുട്ടിനെ വീണ്ടും ആക്രമിക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയൂ' എന്നും സര്‍ കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

മറ്റുലോക രാജ്യങ്ങളെ ഒഴിവാക്കിയുള്ള സമാധാന ചര്‍ച്ചകളില്‍ റഷ്യയുമായി യുഎസ് മുന്നോട്ട് പോകുന്നുവെന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് സര്‍ കെയര്‍ മറ്റ് യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.

വരും ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ റഷ്യന്‍ ഉദ്യോഗസ്ഥരെ കാണാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പദ്ധതിയിടുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.

 യൂറോപ്യന്‍ നേതാക്കളുമായി കൂടിയാലോചന മാത്രമേ നടത്തുകയുള്ളൂവെന്നും യുഎസും റഷ്യയും തമ്മിലുള്ള ഒരു ചര്‍ച്ചയിലും പങ്കെടുക്കില്ലെന്നും യുക്രെയ്നിലേക്കുള്ള യുഎസ് പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ്,ശനിയാഴ്ച പറഞ്ഞു.

യുഎസും റഷ്യയും തമ്മിലുള്ള ചര്‍ച്ചകളിലേക്ക് കീവ് ക്ഷണിക്കപ്പെട്ടിട്ടില്ലെന്ന് യുക്രെയ്ന്‍ സര്‍ക്കാരിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഞായറാഴ്ച പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി താന്‍ ഒരു നീണ്ട സംഭാഷണം നടത്തിയതായും യുക്രെയ്‌നിലെ 'പരിഹാസ്യമായ യുദ്ധം' അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ 'ഉടന്‍' ആരംഭിക്കുമെന്നും ട്രംപ് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചു.

തുടര്‍ന്ന് ട്രംപ് തന്റെ പദ്ധതിയെക്കുറിച്ച് സെലെന്‍സ്‌കിയെ 'അറിയിച്ചു'.

ഞായറാഴ്ച, സെലെന്‍സ്‌കി ചര്‍ച്ചകളില്‍ പങ്കാളിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. യുക്രെയ്നിനായി യുഎസ് ആയുധങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എപ്പോളായിരിക്കും യുദ്ധം അവസാനിപ്പിക്കുക എന്ന ചോദ്യത്തിന് മറുപടിയായി 'അത് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്  എന്ന് മാത്രമാണ് ട്രംപ് പറഞ്ഞത്, മുന്‍ ഭരണകൂടത്തിന്റെ ഉക്രെയ്ന്‍ നയങ്ങളാണ് യുദ്ധത്തിന്റെ കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി