പോപ്പിന്റെ ആരോഗ്യനില 'സങ്കീര്‍ണ്ണമെന്ന് വത്തിക്കാന്‍; ആശുപത്രിയില്‍ തുടരും

പോപ്പിന്റെ ആരോഗ്യനില 'സങ്കീര്‍ണ്ണമെന്ന് വത്തിക്കാന്‍; ആശുപത്രിയില്‍ തുടരും


വത്തിക്കാന്‍: ആശുപത്രിയില്‍ ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നില സങ്കീര്‍ണമായി തുടരുകയാണെന്ന് വത്തിക്കാന്‍. ആവശ്യമുള്ളിടത്തോളം കാലം അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്നും ആഗോള കത്തോലിക്കാ സഭാ ആസ്ഥാനത്തുനിന്നും അറിയിച്ചു.

88 കാരനായ ഫ്രാന്‍സിസ് പാപ്പയെ വെള്ളിയാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയില്‍ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കും വിധേയനാക്കിയിരുന്നു.

തിങ്കളാഴ്ച, പോപ്പിന് ശ്വാസകോശത്തില്‍ 'പോളിമൈക്രോബയല്‍ അണുബാധ' ഉണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ചികിത്സയില്‍ മാറ്റം ആവശ്യമാണെന്നും വത്തിക്കാന്‍ പറഞ്ഞു.

രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന അണുബാധയാണ് പോളിമൈക്രോബയല്‍ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കില്‍ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈറല്‍ ഇന്‍ഫക്ഷനുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും മാര്‍പാപ്പയെ അലട്ടിയിരുന്നു.

പോപ്പ് സ്ഥിരമായ 'നിര്‍ദ്ദേശിച്ച ചികിത്സയുമായി' മുന്നോട്ട് പോകുന്നുണ്ടെന്നും പനി ഇല്ലെന്നും പിന്നീട് വന്ന ഒരു അപ്ഡേറ്റില്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ആശുപത്രിയില്‍ വെച്ച് അദ്ദേഹം വായനയും മറ്റുമാണ് സമയം ചെലവിട്ടത്.

കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ്, മാര്‍പ്പാപ്പയ്ക്ക് ദിവസങ്ങളോളം ബ്രോങ്കൈറ്റിസ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു, കൂടാതെ പരിപാടികളില്‍ തയ്യാറാക്കിയ പ്രസംഗങ്ങള്‍ വായിക്കാന്‍ ബുദ്ധുമുട്ടുള്ളതിനാല്‍ സഹായികളെയാണ് നിയോഗിച്ചിരുന്നത്.

അതേസമയം പോപ്പ് നല്ല മാനസികാവസ്ഥയിലാണെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.