വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കുമെന്ന് ഡെമോക്രാറ്റിക് പ്രതിനിധി യാസാമിൻ അൻസാരി അറിയിച്ചു.
ഹെഗ്‌സെത്ത് തന്റെ ഭരണഘടനാപരമായ ചുമതലകൾ ലംഘിച്ചുവെന്നും ഇറാനിൽ നടന്ന സൈനിക നടപടികളിൽ 'യുദ്ധക്കുറ്റങ്ങൾ' ഉണ്ടായിട്ടുണ്ടെന്നും അൻസാരി ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന നടപടികൾ നിയമവിരുദ്ധ യുദ്ധത്തിലേക്കാണ് നയിക്കുന്നതെന്നും, അതിൽ പ്രതിരോധ സെക്രട്ടറി പങ്കാളിയാണെന്നും അവർ വ്യക്തമാക്കി.
'സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നത് ഉൾപ്പെടെ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നിട്ടുണ്ട്,' എന്നാണ് അൻസാരിയുടെ ആരോപണം. ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്‌കൂൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതും അവർ ചൂണ്ടിക്കാട്ടി.
യുദ്ധം പ്രഖ്യാപിക്കാൻ അധികാരം കോൺഗ്രസിനാണെന്നും, പ്രസിഡന്റിനോ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കോ അത് ഏകപക്ഷീയമായി ചെയ്യാനാകില്ലെന്നും അൻസാരി വ്യക്തമാക്കി.
ഇതിനൊപ്പം, ട്രംപിനെ അധികാരത്തിൽ നിന്ന് നീക്കാൻ ഭരണഘടനയിലെ 25ാം ഭേതഗതി പ്രയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. യുദ്ധവുമായി ബന്ധപ്പെട്ട പ്രസിഡന്റിന്റെ പ്രസ്താവനകൾ ആശങ്കാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ, ഹോംലാൻഡ് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയം, അറ്റോർണി ജനറൽ പാം ബോണ്ടി എന്നിവരുടെ പുറത്താക്കലിന് പിന്നാലെ ട്രംപ് മന്ത്രിസഭയിൽ കൂടുതൽ രാഷ്ട്രീയ സമ്മർദ്ദം ഉയരുന്നതായാണ് റിപ്പോർട്ടുകൾ. ഇറാൻ യുദ്ധം അമേരിക്കൻ രാഷ്ട്രീയ രംഗത്ത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇറാൻ യുദ്ധം: പ്രതിരോധ സെക്രട്ടറിയെ ഇംപീച്ച് ചെയ്യണമെന്ന് ഡെമോക്രാറ്റ് നേതാവ്; 'യുദ്ധക്കുറ്റങ്ങളിൽ പങ്കെന്ന് ആരോപണം
