ഇറാനെ വീണ്ടും ആക്രമിക്കേണ്ട സാഹചര്യം വന്നേക്കാം; ട്രംപിനോട് നെതന്യാഹു നിലപാട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്

ഇറാനെ വീണ്ടും ആക്രമിക്കേണ്ട സാഹചര്യം വന്നേക്കാം; ട്രംപിനോട് നെതന്യാഹു നിലപാട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കുകയല്ലാതെ ഇസ്രായേലിന് മറ്റൊരു മാര്‍ഗമില്ലാത്ത സാഹചര്യം ഉണ്ടായേക്കാമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. വൈറ്റ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഇറാനുമായി ബന്ധപ്പെട്ട പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ ട്രംപിന് കൈമാറിയതെന്ന് ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ട്രംപും നെതന്യാഹുവും നേരില്‍ കണ്ടുമുട്ടുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യുദ്ധം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഏകോപിത നിലപാട് പ്രകടിപ്പിക്കാനാണ് ഇരുനേതാക്കളും ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാനല്‍ 12 ഉദ്ധരിച്ച മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ പ്രകാരം ഇറാനെതിരെ കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ നടത്തേണ്ടി വന്നേക്കാമെന്ന് നെതന്യാഹു ട്രംപിനോട് വ്യക്തമാക്കി. 'മുമ്പ് ആക്രമിക്കപ്പെടാത്ത കേന്ദ്രങ്ങള്‍, ആക്രമണത്തിന് ശേഷം ഇറാന്‍ പുനര്‍നിര്‍മിച്ച സൗകര്യങ്ങള്‍, ഭരണകൂടത്തിന്റെ സ്ഥിരതയെ ബാധിക്കാന്‍ സാധ്യതയുള്ള ലക്ഷ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ വീണ്ടും ആക്രമണം നടത്തുകയല്ലാതെ മറ്റുവഴിയില്ലെന്നാണ് നെതന്യാഹുവിന്റെ വിലയിരുത്തല്‍,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇസ്രായേലിന്റെ വിലയിരുത്തല്‍ അമേരിക്കയുമായി പങ്കുവെച്ചിട്ടുണ്ടെങ്കിലും സൈനിക നടപടി സ്വീകരിക്കാന്‍ വാഷിംഗ്ടണിനെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമല്ല ഇതെന്ന് അതേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 'ഇത് നിര്‍ണായക ഘട്ടമാണ്. പ്രസിഡന്റ് ട്രംപ് ഉടന്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കും. അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കുന്നില്ല. എന്നാല്‍ യാഥാര്‍ഥ്യം അവഗണിക്കാനും കഴിയില്ല. ഇസ്രായേലിന്റെ കാഴ്ചപ്പാടാണ് നെതന്യാഹു അവതരിപ്പിച്ചത്,' അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസിലെ ചര്‍ച്ചകളില്‍ പ്രധാനമായും ഇറാനെയും സംഘര്‍ഷത്തിന്റെ ഭാവി ദിശയെയുമാണ് പരിഗണിച്ചത്. ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് നിലവിലെ സംഘര്‍ഷം ആരംഭിച്ചത്. നയതന്ത്രശ്രമങ്ങള്‍ക്ക് അവസരം നല്‍കാനായി സൈനിക നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്ക അറിയിച്ചിട്ടുണ്ടെങ്കിലും ഏപ്രിലിലെ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതും ഈ മാസം ആദ്യം അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായതും മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരാന്‍ കാരണമായിട്ടുണ്ട്.