ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ക്യാപ്റ്റനുമായിരുന്ന ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന കിംവദന്തി. 72കാരനായ ഇമ്രാന്‍ ഖാന്റെ സ്ഥിരീകരിക്കാത്ത മരണ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഇരച്ചു കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അഫ്ഗാന്‍ ടൈംസ് എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലാണ് ഇമ്രാന്‍ഖാന്‍ 'കൊല്ലപ്പെട്ടെന്ന്' പ്രചരിപ്പിച്ചത്.
ഇമ്രാന്‍ ഖാന്റെ കുടുംബത്തെ അദ്ദേഹത്തെ ജയിലില്‍ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഇമ്രാന്റെ ആരോഗ്യനില മോശമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇമ്രാനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡിയാല ജയിലിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ ഇമ്രാന്റെ മൂന്നു സഹോദരിമാരായ നൗറീന്‍, അലീമ, ഉസ്മ എന്നിവരെ കൈയേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
അഡിയാല ജയിലിനുള്ളില്‍ ഇമ്രാനെ ക്രൂരമായി ആക്രമിച്ചു എന്ന് മൂന്ന് സഹോദരിമാര്‍ ആരോപിച്ചു. ജയില്‍ അധികൃതരുടെ പെരുമാറ്റവും പീഢനവും സംബന്ധിച്ച് ഇമ്രാന്‍ പലപ്പോഴും പരാതിപ്പെട്ടിരുന്നെന്നും അവര്‍ പറഞ്ഞു. ജൂലൈയില്‍ 'കഠിനമായ പെരുമാറ്റം' നേരിടുന്നതായി ഇമ്രാന്‍ പരാതിപ്പെട്ടിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനായിരിക്കും ഉത്തരവാദിയെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു 2023 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് ഇമ്രാന്‍.
