മോസ്‌കോ: റഷ്യക്കെതിരെ യു എസ് നിര്‍മിത ദീര്‍ഘദൂര മിസൈല്‍ ഉപയോഗിക്കാന്‍ യുക്രെയ്‌ന് അനുമതി ലഭിച്ചതോടെ റഷ്യ നടത്തിയ നയംമാറ്റം ലോകത്തെ ആണവ യുദ്ധ ഭീതിയിലെത്തിച്ചു. ആണവായുധ പ്രയോഗം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും നാറ്റോ രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യ വസ്തുക്കള്‍ കരുതിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആണവ ശക്തി രാജ്യങ്ങളുടെ പിന്തുണയോടെ തങ്ങള്‍ക്കു നേരെ യുക്രെയ്ന്‍ ആക്രമണം നടത്തിയാല്‍ ആണവായുധം പ്രയോഗിക്കാമെന്ന ഉത്തരത്തില്‍ കഴിഞ്ഞ ദിവസമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പുവെച്ചത്. ഇതോടെ ഏത് സമയത്തും റഷ്യ യുക്രെയ്‌നെതിരെ ആണവായുധം ഉപയോഗിച്ചേക്കാമെന്ന ഭീതി പടര്‍ന്നു.
സ്വീഡന്‍, ഫിന്‍ലന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങള്‍ ആണവായുധ പ്രയോഗത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു തുടങ്ങി. മറ്റു രാജ്യങ്ങളും സമാന തയ്യാറെടുപ്പുകള്‍ക്കുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
യുക്രെയ്ന്‍ യു എസ് വിതരണം ചെയ്ത ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയ്ക്ക് നേരെ പ്രയോഗിക്കാമെന്ന് ജോ ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആറ് മിസൈലുകളാണ് യുക്രെയ്ന്‍ റഷ്യയിലേക്ക് തൊടുത്തത്.
ഏതുതരം ആക്രമണങ്ങള്‍ക്കെതിരെയും ആണവായുധം പ്രയോഗിക്കാന്‍ റഷ്യ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അഞ്ചാം തവണയാണ് ആണവ ഭീഷണിക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത്. സ്വീഡന്‍, ഫിന്‍ലന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളെല്ലാം ജനങ്ങളോട് കരുതിയിരിക്കാന്‍ ലഘുലേഖകള്‍ വിതരണം ചെയ്താണ് ആവശ്യപ്പെട്ടത്.