ആറ് യു എസ് നിര്‍മ്മിത ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയ്ന്‍ തൊടുത്തതായി റഷ്യ

ആറ് യു എസ് നിര്‍മ്മിത ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയ്ന്‍ തൊടുത്തതായി റഷ്യ


മോസ്‌കോ: യു എസ് നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ റഷ്യയില്‍ ആക്രമണം നടത്തി. ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റം (എടിഎസിഎംഎസ്) മിസൈല്‍ ഉപയോഗിച്ച് റഷ്യന്‍ പ്രദേശത്തിനുള്ളിലെ അതിര്‍ത്തി പ്രദേശത്ത് യുുക്രെയ്‌നിയന്‍ സായുധ സേന ആദ്യ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ ആറ് യു എസ് നിര്‍മ്മിത എടിഎസിഎംഎസുകളാണ് യുക്രെയ്ന്‍ തൊടുത്തതെന്നും മന്ത്രാലയം അറിയിച്ചു. റഷ്യയ്ക്കുള്ളില്‍ ആക്രമണം നടത്താന്‍ യു എസ് നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്നിന് അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണിത്.

യുക്രെയ്‌നിയന്‍ സൈന്യം ആറ് 'ബാലിസ്റ്റിക് മിസൈലുകള്‍' തൊടുത്തുവിട്ടുവെന്നാണ് മന്ത്രാലയം ഔദ്യോഗിക ടെലിഗ്രാം പേജില്‍ പറഞ്ഞത്. ഇതില്‍ അഞ്ച് മിസൈലുകള്‍ തകര്‍ത്തതായും ആറാമത്തേത് കേടാക്കിയതായും കൂട്ടിച്ചേര്‍ത്തു. കേടുപാടുകള്‍ വന്ന ആറാമത്തെ മിസൈലിന്റെ ശകലങ്ങള്‍ വീണ് ഒരു സൈനിക കേന്ദ്രത്തില്‍ തീപിടുത്തവുമുണ്ടായി.  

ആണവ ശക്തികളുടെ പിന്തുണ സ്വീകരിക്കുന്ന ആണവ ഇതര രാഷ്ട്രത്തിനെതിരെ ആണവായുധം ഉപയോഗിക്കാന്‍ മോസ്‌കോയെ അനുവദിക്കുന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. പ്രസ്തുത ഉത്തരവിനെ ആവശ്യകത എന്നു വിളിച്ചാണ് ക്രെംലിന്‍ വ ക്താവ് ദിമിത്രി പെസ്‌കോവ് ന്യായീകരിച്ചത്. 

ജനുവരിയില്‍ ബൈഡന്‍ ഭരണം അവസാനിക്കുന്നതിനാല്‍ റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ യു എസിന്റെ നയത്തിലുണ്ടായ മാറ്റം അടയാളപ്പെടുത്തുന്നു. അതിനിടെ, യുക്രെയിനിനുള്ള യു എസ് പിന്തുണ പരിമിതപ്പെടുത്തുമെന്നും നിലവിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. റഷ്യയ്ക്കുള്ളില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അനുമതി അഭ്യര്‍ഥിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ബൈഡന്‍ ഭരണകൂടം അനുകൂലമായ തീരുമാനമെടുത്തത്. 

കരയില്‍ നിന്ന് 300 കിലോമീറ്റര്‍ വരെ ലക്ഷ്യസ്ഥാനത്ത് തൊടാന്‍ കഴിയുന്ന ഉപരിതല ബാലിസ്റ്റിക് മിസൈലാണ് ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റം. മിസൈലിന്റെ വ്യാപ്തി യുക്രെയ്നിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു.

പ്രതിരോധ നിര്‍മ്മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിനാണ് എടിഎസിഎംഎസ് നിര്‍മ്മിച്ചത്. 

അധിനിവേശ യുക്രേനിയന്‍ പ്രദേശത്തെ റഷ്യന്‍ ലക്ഷ്യങ്ങളില്‍ ഒരു വര്‍ഷത്തിലേറെയായി കൈവ് ഈ മിസൈലുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുവരെ റഷ്യന്‍ പ്രദേശത്തിനുള്ളില്‍ ഉപയോഗിക്കാന്‍ യു എസ് അനുവദിച്ചിരുന്നില്ല.