വാഷിങ്ടണ്‍: ഇറാന്റെ ഭരണകൂടം തകര്‍ച്ചയിലേക്ക് നീങ്ങുന്ന കപ്പലിനെപ്പോലെയാണെന്നും വില്ക്കാന് കടലില്‍ ഒരു തുള്ളി എണ്ണപോലും രാജ്യത്തിന് ശേഷിക്കുന്നില്ലെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ ട്രഷറി വകുപ്പ് ഓഗസ്റ്റില്‍ ആരംഭിച്ച 'ഓപ്പറേഷന് ഇക്കണോമിക് ഔട്ട്കാസ്റ്റ്' നടപടിക്കുശേഷം ഇറാന് ഒരു എണ്ണക്കപ്പലില്പ്പോലും എണ്ണ കയറ്റിയിട്ടില്ലെന്നും ബെസന്റ് സമൂഹമാധ്യമ കുറിപ്പില്‍ അവകാശപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതത്തിന് ഇറാന് ഉയര്‍ത്തുന്ന ഭീഷണികള്‍ അവസാനിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും സാമ്പത്തിക ഉപാധികള്‍ ഉപയോഗിച്ച് ഇറാനെ സമ്മര്‍ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ രണ്ടാംതല ഉപരോധം ഏര്‍പ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ നാവിക ഉപരോധം ജൂലൈയില്‍ അമേരിക്ക പുനഃസ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെ ആയുധങ്ങളുടെയും ഉപരോധം ഏര്‍പ്പെടുത്തിയ വസ്തുക്കളുടെയും നീക്കം തടയാന്‍ കരാതിര്‍ത്തികളിലും കാസ്പിയന്‍ കടലിലും നിയന്ത്രണം ശക്തമാക്കുന്ന 'ടാസ്ക് ഫോഴ്സ് അയണ്‍ ഗേറ്റ്' ഈ മാസം പ്രഖ്യാപിച്ചു.
ഇറാനിലേക്കും പുറത്തേക്കുമുള്ള കരമാര്‍ഗങ്ങളിലൂടെ സൈനിക സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കളുടെയും അനധികൃത വരുമാനത്തിന്റെയും നീക്കം തടയുകയാണ് പുതിയ ദൗത്യത്തിന്റെ ലക്ഷ്യം. കടലിലെ ഉപരോധത്തിന്റെ വിജയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ടാസ്ക് ഫോഴ്സ് അയണ്‍ ഗേറ്റെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനും ആയുധനിര്‍മാണശാലകള്‍ പുനര്‍നിര്‍മിക്കാനും സൈനികശേഷി വീണ്ടെടുക്കാനുമുള്ള ഇറാന്റെ നീക്കങ്ങളെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, അമേരിക്കയുടെ ഉപരോധം ഇറാനെ ബാധിക്കില്ലെന്നാണ് ടെഹ്റാന്റെ നിലപാട്. വിശാലമായ ഭൂപ്രദേശവും നിരവധി പ്രവിശ്യകളും അയല്‍രാജ്യങ്ങളുമായുള്ള വ്യാപകമായ ബന്ധങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇറാനെ കരമാര്‍ഗം പൂര്‍ണമായി ഉപരോധിക്കുക ഏറെക്കുറെ അസാധ്യമാണെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പ്രതികരിച്ചിരുന്നു. നാവിക ഉപരോധത്തെക്കുറിച്ച് ആശങ്കയില്ലെന്നും മറ്റു വഴികളിലൂടെ കയറ്റുമതിയും ചരക്കുനീക്കവും വര്‍ധിപ്പിച്ചെന്നും ഇറാന് ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് ബുധനാഴ്ച അവകാശപ്പെട്ടു. വടക്കന്‍ അതിര്‍ത്തികളിലൂടെയും തെക്കന്‍ മേഖലയല്ലാത്ത മറ്റു അതിര്‍ത്തികളിലൂടെയും വ്യാപാരം വര്‍ധിപ്പിച്ചതിലൂടെ നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്തിന് ആവശ്യമായ ചരക്കുകളുടെ വിതരണം ഉറപ്പാക്കാന്‍ കഴിയുന്നുണ്ടെന്ന് ഇറാന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഒന്‍പത് മാസത്തോളമായി തുടരുന്ന യുദ്ധവും സാമ്പത്തിക നിയന്ത്രണങ്ങളും ഇറാനില്‍ കടുത്ത വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ പണപ്പെരുപ്പങ്ങളിലൊന്നാണ് രാജ്യം നേരിടുന്നതെന്നും ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വലിയ വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന് ഭരണകൂടം തകര്‍ച്ചയുടെ വക്കിലെന്ന് ബെസന്റ്; നാവിക ഉപരോധത്തെ തള്ളി ടെഹ്റാന്
