ഷേയ്ഖ് നയീം കാസിം ഹിസ്ബുല്ല തലവൻ

ഷേയ്ഖ് നയീം കാസിം ഹിസ്ബുല്ല തലവൻ


ബെയ്റൂത്ത്:  ഹിസ്ബുല്ലയുടെ തലവനായി ഷേയ്ഖ് നയീം കാസിമിനെ തെരഞ്ഞെടുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി നയീം കാസിം ഹിസ്ബുല്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 ഹിസ്ബുല്ലയുടെ തലവനായിരുന്ന ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പിന്‍ഗാമിയായി ഷേയ്ഖ് നയീം കാസിം എത്തുന്നത്.

സെപ്റ്റംബര്‍ 28-ന് ബെയ്‌റൂത്തിൽ നടത്തിയ ആക്രമണത്തിലാണ് ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചത്. തെക്കന്‍ ബെയ്‌റൂത്തിലെ ദഹിയയിലുള്ള ഹിസ്ബുല്ല ആസ്ഥാനത്തിനുനേരെ നടന്ന  വ്യോമാക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്. 1982-ലെ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹിസ്ബുല്ല സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളായിരുന്നു ഹസന്‍ നസ്‌റല്ല.

1953ല്‍ ബെയ്‌റൂത്തിൽ ലെബനന്റെ തെക്ക് ഭാഗത്ത് നിന്നുള്ള ഒരു കുടുംബത്തില്‍ ജനിച്ച ഖാസിമിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് ലെബനന്‍ ഷിയ അമാല്‍ പ്രസ്ഥാനത്തിലാണ്. 1979ല്‍ ഇറാന്റെ ഇസ്ലാമിക വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഗ്രൂപ്പ് വിട്ടു. 1992ല്‍ ഹിസ്ബുല്ല ഗ്രൂപ്പ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമുതല്‍ പ്രചാരണങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്ററായിരുന്നു.