കപ്പല്‍ ഇടിച്ചു; ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയില്‍ വീണു

കപ്പല്‍ ഇടിച്ചു; ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയില്‍ വീണു


മേരിലാന്റ്: കണ്ടയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. നിരവധി വാഹനങ്ങള്‍ നദിയിലെ തണുത്ത വെള്ളത്തില്‍ പതിച്ചു. കുറഞ്ഞത് എട്ടു പേരെയെങ്കിലും കാണാതായെന്നാണ് റിപ്പോര്‍ട്ട്. 

കപ്പല്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജിന്റെ തൂണുകളിലൊന്നില്‍ ഇടിച്ച് കപ്പലിന് തി പിടിക്കുകയായിരുന്നുവെന്നാണ് എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ദൃശ്യത്തില്‍ നിന്നും വ്യക്തമാകുന്നത്. 

സംഭവം ഗുരുതരമാണെന്നും എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ കാണാതായെന്നോ വ്യക്തമല്ലെന്നും ബാള്‍ട്ടിമോര്‍ അഗ്നിശമന വകുപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കെവിന്‍ കാര്‍ട്ട്റൈറ്റ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 

തിരക്കേറിയ തുറമുഖത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ പടാപ്സ്‌കോ നദിക്ക് കുറുകെയുള്ള പാലത്തില്‍ ഏതാനും ചരക്കുകള്‍ തൂങ്ങിക്കിടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കിഴക്കന്‍ തീരത്തെ കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായ ബാള്‍ട്ടിമോര്‍ തുറമുഖത്തിലേക്കാണ് പടാപ്‌സ്‌കോ നദി സഞ്ചരിക്കുന്നത്. 1977-ലാണ് പാലം തുറന്നത്. 

മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രതിസന്ധി മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും പറഞ്ഞു. എഫ് ബിെ എയും സ്ഥലത്തെത്തിയിരുന്നു.

നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്റെ വിവരങ്ങള്‍ പ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ നദിയിലെ താപനില ഏകദേശം 47 ഡിഗ്രി ഫാരന്‍ഹീറ്റ് (8 ഡിഗ്രി സെല്‍ഷ്യസ്) ആയിരുന്നു.

മറൈന്‍ ട്രാഫിക്കും വെസല്‍ ഫൈന്‍ഡറും പറയുന്നതനുസരിച്ച് ഡാലി എന്ന കപ്പലാണ് അപകടമുണ്ടാക്കിയത്. ആ പേരിലുള്ള ഒരു കപ്പല്‍  ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോയി. ബാള്‍ട്ടിമോറിലെ കോസ്റ്റ് ഗാര്‍ഡിലെ പെറ്റി ഓഫീസര്‍ മാത്യു വെസ്റ്റിനെ ഉദ്ധരിച്ച് ഡബ്ല്യു ടി ഒ പി റേഡിയോ സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തത് സിംഗപ്പൂര്‍ പതാകയ്ക്ക് കീഴിലാണ് കപ്പല്‍ എന്നാണ്.

മേയര്‍ ബ്രാന്‍ഡന്‍ എം സ്‌കോട്ടും ബാള്‍ട്ടിമോര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ജോണി ഓള്‍സെവ്‌സ്‌കി ജൂനിയറും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

കീ ബ്രിഡ്ജിലെ സംഭവത്തെ തുടര്‍ന്ന് രണ്ട് ദിശകളും അടച്ച് ഗതാഗതം വഴിതിരിച്ചുവിടുകയാണെന്ന് മേരിലാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി എക്സില്‍ പോസ്റ്റ് ചെയ്തു.