സിയോള്‍: സൈനിക നിയമ പ്രഖ്യാപനം പരാജയത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സമര്‍പ്പിച്ചു. ഡെമോക്രാറ്റിക് പാര്‍്ട്ടി ഉള്‍പ്പെടെ ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളാണ് തങ്ങള്‍ ഇംപീച്ച്‌മെന്റ് പ്രമേയം സമര്‍പ്പിച്ചതായി അറിയിച്ചത്.
ഇംപീച്ച്മെന്റ് പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തുന്നതിനുള്ള തിയ്യതിയും സമയവും പ്രതിപക്ഷം ചര്‍ച്ച ചെയ്യുകയാണ്. വെള്ളിയാഴ്ചയോ അതിന് മുമ്പോ വോട്ടെടുപ്പിനുള്ള സാധ്യതയുണ്ട്.
യൂണിന്റെ ഹ്രസ്വകാല സൈനിക നിയമത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ സൈനികര്‍ രാജ്യത്തിന്റെ പാര്‍ലമെന്റ് വളഞ്ഞു. നിയമനിര്‍മ്മാതാക്കള്‍ സൈനിക നിയമം പിന്‍വലിക്കാന്‍ വോട്ട് ചെയ്തതോടെയാണ് പിന്‍വലിക്കേണ്ടി വന്നത്.
ചൊവ്വാഴ്ച രാത്രിയാണ് പ്രസിഡന്റ് അടിയന്തര സൈനിക നിയമം പ്രയോഗിക്കുകയും പ്രതിപക്ഷ ആധിപത്യമുള്ള പാര്‍ലമെന്റില്‍ 'രാജ്യവിരുദ്ധ' ശക്തികളെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാല്‍ ആറ് മണിക്കൂറിനുള്ളില്‍ ദേശീയ അസംബ്ലി വിളിച്ചുകൂട്ടി നിയമം അസാധുവാക്കുകയായിരുന്നു. ഹാജരായ 190 നിയമനിര്‍മ്മാതാക്കളും സൈനിക നിയമത്തിനെതിരെ വോട്ട് ചെയ്തു.
മന്ത്രിസഭാ യോഗത്തിന് ശേഷം പ്രാദേശിക സമയം പുലര്‍ച്ചെ നാലരയ്ക്കാണ് അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിച്ചത്.
പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാക്കളും സെക്രട്ടറിമാരും സ്ഥാനമൊഴിയാന്‍ തയ്യാറായതായി അദ്ദേഹത്തിന്റെ ഓഫീസ് ബുധനാഴ്ച അറിയിച്ചു.
പട്ടാള നിയമം ഏര്‍പ്പെടുത്തിയത് ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്നു.
പട്ടാള നിയമം പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റിന്റെ സൈനിക നിയമ പ്രഖ്യാപനം അസാധുവായിരുന്നുവെന്നും ഭരണഘടനയുടെ ഗുരുതരമായ ലംഘനമായിരുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ ദക്ഷിണ കൊറിയയിലെ 300 അംഗ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ആവശ്യം.
പ്രധാന ഡെമോക്രാറ്റിക് പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 192 സീറ്റുകളാണുള്ളത്. യോളിന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ചില അംഗങ്ങള്‍ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്. .
യോളിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടിയില്‍ നിന്നുള്ള 10 അംഗങ്ങളെങ്കിലും സൈനിക നിയമം പിന്‍വലിക്കാന്‍ വോട്ട് ചെയ്തതായി ദേശീയ അസംബ്ലി അധികൃതര്‍ ബുധനാഴ്ച പറഞ്ഞു. ഇത് പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ അവര്‍ വോട്ട് ചെയ്‌തേക്കുമെന്ന് സൂചിപ്പിക്കുന്നു.
ഇംപീച്ച് ചെയ്യപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ യോളിന് ഭരണഘടനാപരമായ അധികാരങ്ങള്‍ നഷ്ടമാകും. കൂടാതെ വിധിക്കായി കോടതിയെ ആശ്രയിക്കേണ്ടിവരും. അതേസമയം തന്നെ പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂ സര്‍ക്കാരിന്റെ ചുമതലയേല്‍ക്കും.
ദക്ഷിണ കൊറിയന്‍ നിയമങ്ങള്‍ പ്രകാരം 'യുദ്ധകാലത്തോ യുദ്ധസമാനമായ സാഹചര്യങ്ങളിലോ മറ്റ് താരതമ്യപ്പെടുത്താവുന്ന ദേശീയ അടിയന്തരാവസ്ഥകളിലോ മാത്രമേ പ്രസിഡന്റിന് സൈനിക നിയമം പ്രഖ്യാപിക്കാന്‍ സാധിക്കുകയുള്ളു.