ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിനിടെ ഇസ്രയേല്‍- ഇറാന്‍ വാക്പോരിന് പുതിയ മാനം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗത്തിനിടെ ഉയര്‍ത്തിക്കാട്ടിയ സ്റ്റാര്‍ലിങ്ക് ഉപകരണം ഇറാന്‍ പ്രതിനിധിക്ക് കൈമാറാന്‍ യു എന്നിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡാനോന്‍ ശ്രമിച്ചു. എന്നാല്‍ ഇറാന്‍ പ്രതിനിധി നാസര്‍ അസാദി പ്രതികരിക്കാതെ അവിടെനിന്ന് മാറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഡാനോന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെ വൈറലായി.
സെപ്റ്റംബര്‍ 24ന് യു എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് നെതന്യാഹു സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഉപകരണം ഉയര്‍ത്തിക്കാട്ടിയത്. ഇറാനില്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്ന ഭരണകൂടത്തിനെതിരെ വിമര്‍ശനമുന്നയിച്ച നെതന്യാഹു, ഉപകരണം വഴി ഇറാനികള്‍ക്ക് വിവരങ്ങള്‍ സ്വതന്ത്രമായി ലഭിക്കാനും ആശയവിനിമയം നടത്താനും കഴിയുമെന്ന് പറഞ്ഞു. ഇറാന്‍ പ്രതിനിധി സംഘം ഉപയോഗിക്കുന്നതിനായി ഉപകരണം യു എന്‍ അധികൃതരെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നെതന്യാഹുവിന്റെ പ്രസംഗത്തിന് പിന്നാലെയാണ് ഡാനോന്‍ ഇറാന്‍ പ്രതിനിധി നാസര്‍ അസാദിയെ സമീപിച്ചത്. ഇറാനിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടാന്‍ സ്റ്റാര്‍ലിങ്ക് സഹായകരമാകുമെന്ന് പറഞ്ഞ ഡാനോന്‍, ഉപകരണം തെഹ്റാനിലേക്ക് കൊണ്ടുപോകാന്‍ അസാദിയോട് ആവശ്യപ്പെട്ടു.
ഇറാനിലെ ഭരണകൂടം മാറുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ അസാദി ഡാനോന്റെ വാക്കുകളോട് പ്രതികരിക്കാതെ തിരിഞ്ഞുനില്‍ക്കുകയായിരുന്നു. പിന്നീട് ഡാനോന്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് 'ഇറാന്‍ പ്രതിനിധിക്ക് സ്റ്റാര്‍ലിങ്ക് വേണ്ടായിരുന്നു' എന്ന കുറിപ്പും നല്‍കി.
ഇറാനിലെ ഇന്റര്‍നെറ്റ് നിയന്ത്രണം
ഇറാനില്‍ ഈ വര്‍ഷം ദീര്‍ഘകാലം നീണ്ട ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്റ്റാര്‍ലിങ്ക് വിഷയവും യു എന്നില്‍ ഉയര്‍ന്നത്. ജനുവരിയില്‍ രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് വ്യാപകമായ ഇന്റര്‍നെറ്റ് തടസ്സം നേരിട്ടിരുന്നു. 88 ദിവസം നീണ്ട നിയന്ത്രണത്തിന് ശേഷം മെയ് അവസാനത്തോടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാറ്റലൈറ്റ് ശൃംഖലയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സ്റ്റാര്‍ലിങ്കിന് ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്കുകളെ ആശ്രയിക്കാതെ സേവനം ലഭ്യമാക്കാന്‍ കഴിയുന്നതാണ് സ്റ്റാര്‍ലിങ്കിന്റെ പ്രത്യേകത. നിയന്ത്രണങ്ങള്‍ക്കിടയിലും സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ ഇറാനിലേക്ക് എത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
നെതന്യാഹുവിന്റെ യു എന്‍ പ്രസംഗത്തിനിടെ നിരവധി പ്രതിനിധികള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഗാസയിലെ ഇസ്രയേല്‍ നടപടികളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തള്ളിയ നെതന്യാഹു, ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന ആരോപണവും നിഷേധിച്ചു.
