സന: ഇസ്രായേല്‍ സൈന്യം സന അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ യെമനിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
വിമത പ്രദേശങ്ങളിലെ വിമാനത്താവളം, സൈനിക സൗകര്യങ്ങള്‍, പവര്‍ സ്റ്റേഷനുകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തുന്നത്.
മറ്റ് ലക്ഷ്യങ്ങളില്‍ ഹൊദൈദ, സാലിഫ്, റാസ് കനാറ്റിബ് തുറമുഖങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുന്നു. ഇറാന്റെ ആയുധങ്ങള്‍ മേഖലയിലേക്ക് കടത്തുന്നതിനും മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ പ്രവേശനത്തിനും ഹൂതി വിമതര്‍ ഈ സ്ഥലങ്ങള്‍ ഉപയോഗിക്കുന്നതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേലിന്റെ ആക്രമണ സമയത്ത് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സന വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. തങ്ങളുടെ വിമാനത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി ടെഡ്രോസ് പറഞ്ഞു. തടവിലാക്കിയ യു എന്‍ ജീവനക്കാരെ മോചിപ്പിക്കാനും യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ മാനുഷിക സാഹചര്യം വിലയിരുത്താനുമാണ് ലോകാരോഗ്യ സംഘടനാ മേധാവി യെമനിലെത്തിയത്. എയര്‍പോര്‍ട്ട് വ്യോമാക്രമണത്തിന് വിധേയമായപ്പോള്‍ തന്റെ ടീം അവരുടെ വിമാനത്തില്‍ കയറാന്‍ പോകുകയായിരുന്നുവെന്ന് ടെഡ്രോസ് പറഞ്ഞു.
വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതി വിമതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളുടെ ജോലി പൂര്‍ത്തിയാകുന്നതുവരെ ഇസ്രയേലിന്റെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.