ട്രംപിന് ബെയ്ജിംഗിൽ വമ്പൻ സ്വീകരണം; ഷിയുമായി ഇന്ന് നിർണായക ചർച്ചകൾ

ട്രംപിന് ബെയ്ജിംഗിൽ വമ്പൻ സ്വീകരണം; ഷിയുമായി ഇന്ന് നിർണായക ചർച്ചകൾ


ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച വൈകിട്ട് ബെയ്ജിംഗിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടക്കുന്ന ഉച്ചകോടിക്കായാണ് ട്രംപിന്റെ സന്ദർശനം. ബെയ്ജിംഗ് ക്യാപിറ്റൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഔപചാരിക സ്വീകരണമാണ് ട്രംപിന് ഒരുക്കിയത്.

പ്രാദേശിക സമയം രാത്രി 7.50ഓടെ എയർഫോഴ്‌സ് വൺ വിമാനത്തിൽ എത്തിയ ട്രംപിനെ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്, അമേരിക്കയുടെ ചൈനയിലെ സ്ഥാനപതി ഡേവിഡ് പെർഡ്യു, ചൈനീസ് സ്ഥാനപതി ഷീ ഫെങ് , വിദേശകാര്യ ഉപമന്ത്രി മാ ഴോക്‌സു എന്നിവർ ചേർന്ന് സ്വീകരിച്ചു.

സൈനിക ബാൻഡിന്റെ സംഗീതത്തിനിടെ ട്രംപ് കൈമുഷ്ടി ഉയർത്തി അഭിവാദ്യം ചെയ്ത ശേഷമാണ് വിമാനത്തിൽ നിന്ന് ഇറങ്ങിയത്. ചുവന്ന പരവതാനിയിലൂടെ വാഹനവ്യൂഹത്തിലേക്ക് നീങ്ങിയ അദ്ദേഹത്തിന് സൈനിക ഗാർഡ് ഓഫ് ഓണറും നൽകി. അമേരിക്കൻ, ചൈനീസ് ദേശീയപതാകകൾ വീശിക്കൊണ്ട് നൂറുകണക്കിന് യുവാക്കളും യുവതികളും വിമാനത്താവളത്തിൽ നിരന്നുനിന്നിരുന്നു. ഏകദേശം 300 ചൈനീസ് യുവാക്കളാണ് ഇരുരാജ്യങ്ങളുടെയും പതാകകൾ വീശി സ്വീകരണത്തിൽ പങ്കെടുത്തത്.

ട്രംപിനൊപ്പമെത്തിയ സംഘത്തിൽ മകൻ എറിക് ട്രംപ്, മരുമകൾ ലാറ ട്രംപ്, വ്യവസായി ഇലോൺ മസ്‌ക്, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരും ഉണ്ടായിരുന്നു.

വ്യാഴാഴ്ച നടക്കുന്ന ട്രംപ്-ഷി ചർച്ചയിൽ വ്യാപാരബന്ധങ്ങൾ, തായ്‌വാൻ വിഷയം, കൃത്രിമ ബുദ്ധി (എഐ), ഇറാൻ യുദ്ധസാഹചര്യം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായും പരിഗണിക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദം നേരിടുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച.

ട്രംപ് ബെയ്ജിംഗിലെത്തുന്നതിന് മുൻപേ അമേരിക്കയിലെ ചൈനീസ് എംബസി 'നാലു ചുവപ്പ് രേഖകൾ' വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. തായ്‌വാൻ, ജനാധിപത്യം-മനുഷ്യാവകാശങ്ങൾ, രാഷ്ട്രീയ വ്യവസ്ഥ, ചൈനയുടെ വികസനാവകാശങ്ങൾ എന്നീ വിഷയങ്ങൾ ചൈന ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് എംബസി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

2017ന് ശേഷം ട്രംപ് നടത്തുന്ന ആദ്യ ചൈന സന്ദർശനമാണിത്. വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും പ്രധാന ഉഭയകക്ഷി ചർച്ചകൾ നടക്കുക. ഔദ്യോഗിക വിരുന്നും വിവിധ ചടങ്ങുകളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ട്രംപ് ഏർപ്പെടുത്തിയ തീരുവ വർധനയെ തുടർന്ന് ആരംഭിച്ച വ്യാപാര യുദ്ധം വീണ്ടും രൂക്ഷമാകാതിരിക്കാൻ 'ബോർഡ് ഓഫ് ട്രേഡ്' രൂപീകരിക്കാനാണ് അമേരിക്കയുടെ ശ്രമം. അപൂർവ ധാതുക്കളുടെ കയറ്റുമതിയിലുള്ള ചൈനയുടെ നിയന്ത്രണമാണ് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയായി തുടരുന്നത്.