പ്രവര്‍ത്തനച്ചെലവ് കൂടി; അമുലിന് വില കൂട്ടി

പ്രവര്‍ത്തനച്ചെലവ് കൂടി; അമുലിന് വില കൂട്ടി


ന്യൂഡല്‍ഹി: രാജ്യത്ത് വിലക്കയറ്റത്തിന് പ്രത്യക്ഷ ഉദാഹരണമായി ഗുജറാത്ത് ബി ജെ പി കൈകാര്യം ചെയ്യുന്ന അമുല്‍ പാല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 2 രൂപയാണ് അമുല്‍ വര്‍ധിപ്പിച്ചത്. മെയ് 14 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. പ്രവര്‍ത്തന ചെലവാണ് വില കൂടാന്‍ കാരണമായതെന്ന് അമുലിന്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും അമുല്‍ പാല്‍ വില വര്‍ധിപ്പിച്ചിരുന്നു. കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പാക്കുന്നതിനാണ് വില വര്‍ധനവെന്നാണ്  ഫെഡറേഷന്‍ പറയുന്നതെങ്കിലും എല്ലാ മേഖലയിലുമുണ്ടായ അമിത വിലക്കയറ്റമാണ് പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിച്ചത്. 

അമുലിന്റെ അമുല്‍ ടാസയ്ക്ക് ഒരു ലിറ്ററിന് 57 രൂപയും അരലിറ്റര്‍ അമുല്‍ ഗോള്‍ഡിന് 35 രൂപയുമാണ് പുതുക്കിയ വില. എരുമ പാല്‍ അര ലിറ്റര്‍ 38 രൂപയും അമുല്‍ ടീ സ്‌പെഷ്യലിന് ഒരു ലിറ്ററിന് 66 രൂപയുമാണ് പുതുക്കിയ നിരക്ക്. കേരളത്തില്‍ മില്‍മ അരലിറ്ററിന് 28 രൂപയാണ് വാങ്ങുന്നത്.