ചെന്നൈ: തമിഴ്‌നാട്ടിലെ ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ ഐ എ ഡി എം കെ) പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നത കൂടുതല്‍ രൂക്ഷമായി. എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രി വിജയ്‌യെ പിന്തുണച്ച 25 നേതാക്കളെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി.
തമിഴ്‌നാട് നിയമസഭയില്‍ വിജയ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിനിടെയാണ് എ ഐ എ ഡി എം കെയിലെ ഭിന്നത തുറന്നുകാണിച്ചത്. വിശ്വാസപ്രമേയത്തെ അനുകൂലിച്ച് മുതിര്‍ന്ന നേതാക്കളായ എസ് പി വേലുമണി, സി വി ഷണ്‍മുഖം, സി വിജയഭാസ്‌ക്കര്‍ ഉള്‍പ്പെടെ 25 എം എല്‍ എമാര്‍ വോട്ട് ചെയ്തപ്പോള്‍ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള 22 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
ഇതിന് പിന്നാലെ വിമത നേതാക്കളെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുകയും ഒഴിവായ സ്ഥാനങ്ങളില്‍ പുതിയ ജില്ലാ സെക്രട്ടറിമാരെയും ഭാരവാഹികളെയും നിയമിക്കുകയും ചെയ്തു. നാദം വിശ്വനാഥനെ എ ഐ എ ഡി എം കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, ദിന്തിഗല്‍ ഈസ്റ്റ് ജില്ലാ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്നും നീക്കി.
സംഘടനാ സെക്രട്ടറി, വിളുപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് നീക്കപ്പെട്ട സി വി ഷണ്‍മുഖം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. എടപ്പാടി കെ പളനിസ്വാമി ജനറല്‍ സെക്രട്ടറിയായതിന് ശേഷം പരാജയങ്ങള്‍ മാത്രമാണ് തുടരുന്നതെന്നും കുറഞ്ഞത് സീറ്റുകളുടെ എണ്ണമെങ്കിലും വര്‍ധിക്കേണ്ടതായിരുന്നുവെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും തിരിച്ചടികള്‍ കൂടുതല്‍ ഗുരുതരമാവുകയാണെന്നും ഷണ്‍മുഖം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ പരാമര്‍ശിച്ച അദ്ദേഹം 1996ലും 2006ലും പാര്‍ട്ടി തോറ്റിരുന്നുവെങ്കിലും 'അമ്മ'യ്ക്ക് പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള കഴിവുണ്ടായിരുന്നുവെന്നും ഓരോ പരാജയത്തിനും ശേഷം എം ജി ആറിന്റെ ഭരണകാലം തിരികെ കൊണ്ടുവരുമെന്ന് അവര്‍ പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തുവെന്നും പറഞ്ഞു.
വിജയത്തില്‍ അഹങ്കാരവും പരാജയത്തില്‍ ഒളിച്ചിരിക്കലും ജയലളിതയ്ക്കില്ലായിരുന്നു. എം ജി ആര്‍ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ വിജയമായിരുന്നു അവരുടെ ഏക ലക്ഷ്യമെന്നും ഷണ്‍മുഖം കൂട്ടിച്ചേര്‍ത്തു.
2026 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എ ഐ എ ഡി എം കെയില്‍ ഉടലെടുത്ത ആഭ്യന്തര കലാപത്തിന്റെ ഏറ്റവും വലിയ അച്ചടക്ക നടപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടിയുടെ പരമ്പരാഗത ഡി എം കെ വിരുദ്ധ നിലപാട് പളനിസ്വാമി ദുര്‍ബലമാക്കിയെന്നും വിജയ് അധികാരത്തിലെത്താതിരിക്കാന്‍ ദ്രാവിഡ മുന്നേറ്റ കഴകവുമായി രഹസ്യ ധാരണയ്ക്ക് ശ്രമിച്ചെന്നുമാണ് വിമത എം എല്‍ എമാരുടെ ആരോപണം.
വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ) സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പില്‍ വിമത എ ഐ എ ഡി എം കെ അംഗങ്ങള്‍ പിന്തുണച്ചതോടെ 234 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു.
സംഭവവികാസങ്ങള്‍ എ ഐ എ ഡി എം കെയിലെ നേതൃത്വ പോരാട്ടം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ സംഘടനാപരമായ പരിഷ്‌കാരങ്ങളും പുറത്താക്കപ്പെട്ട നേതാക്കളുടെ തിരിച്ചുവരവും ആവശ്യപ്പെട്ട് വിമത വിഭാഗം രംഗത്തുണ്ട്.
