ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് 'സര്‍വീസ് ഫീസ്' ഈടാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഇറാന്‍. അതേസമയം, ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും അമേരിക്ക ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഇറാന്റെ ഉപ വിദേശകാര്യമന്ത്രി കാസിം ഗരീബാബാദി ആരോപിച്ചു. ഇന്ത്യ അധ്യക്ഷനായ ബ്രിക്‌സ് യോഗത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും എന്നാല്‍ ചില സമുദ്ര സേവനങ്ങള്‍ക്കായി ഫീസ് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാവിഗേഷന്‍, രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള സമുദ്ര സേവനങ്ങളാണ് തങ്ങള്‍ നല്‍കുന്നതെന്നും അതിനുള്ള ചെലവുകള്‍ ഉണ്ടാകുമെന്നും ഗരീബാബാദി പറഞ്ഞു. സുതാര്യതയോടെയും വിവേചനമില്ലാതെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയുമായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കപ്പലുകള്‍ക്ക് നേരിട്ട് ടോള്‍ ഏര്‍പ്പെടുത്തുകയാണെന്ന ആരോപണം അദ്ദേഹം തള്ളി. അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം ട്രാന്‍സിറ്റ് ഫീസ് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും തങ്ങള്‍ ട്രാന്‍സിറ്റ് ഫീസ് ഏര്‍പ്പെടുത്തുന്നില്ലെന്നും ഹോര്‍മുസ് കടലിടുക്കില്‍ ഇറാനും ഒമാനും നല്‍കുന്ന സേവനങ്ങളെക്കുറിച്ചുള്ള പ്രോട്ടോക്കോള്‍ സംവിധാനത്തിലാണ് പ്രവര്‍ത്തനം നടക്കുന്നതെന്നും അതിന് ഇതുവരെ അന്തിമരൂപമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായുള്ള സഹകരണം പ്രത്യേകം ചൂണ്ടിക്കാട്ടിയ ഗരീബാബാദി നിലവില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ കാത്തിരിക്കുന്ന 13 ഇന്ത്യന്‍ കപ്പലുകളില്‍ 11 എണ്ണത്തിനും അനുമതി നല്‍കിയതായി പറഞ്ഞു.
ഇന്ത്യ പോലുള്ള സൗഹൃദ രാജ്യങ്ങളോട് വ്യത്യസ്ത സമീപനമാണ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മറ്റ് കപ്പലുകളുടെ യാത്ര സുഗമമാക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുന്നതായും പല രാജ്യങ്ങള്‍ക്കും ഈ സൗകര്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി സാധാരണ നിലയിലാകുന്നത് അമേരിക്കയുടെ നടപടികളുമായി ബന്ധപ്പെട്ടിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കണം, യുദ്ധം അവസാനിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ഫണ്ടുകള്‍ വിട്ടുനല്‍കണം എന്നീ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
അമേരിക്കയ്ക്ക് ചര്‍ച്ചകളോടും നയതന്ത്രത്തോടും യഥാര്‍ഥ താത്പര്യമില്ലെന്നും ഗരീബാബാദി ആരോപിച്ചു.
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നേറുന്നതിനിടെയാണ് അവ തകരാറിലായതെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇറാന്‍ മുന്നോട്ടുവച്ചതെന്നും ആണവ വിഷയത്തില്‍ സമതുലിതമായ ധാരണയ്ക്കായി ഇറാന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സമ്പുഷ്ടീകരിച്ച യൂറേനിയം അമേരിക്കയിലേക്ക് അയയ്ക്കണമെന്ന ആവശ്യത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. അത് ചര്‍ച്ചയല്ലെന്നും നിര്‍ദ്ദേശം മാത്രമാണെന്നും തങ്ങള്‍ എന്തിനാണ് അങ്ങനെ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
യുദ്ധസാഹചര്യം വീണ്ടും ഉണ്ടാകുകയാണെങ്കില്‍ രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ ശേഷിയും വിനിയോഗിക്കുമെന്ന് ഗരീബാബാദി മുന്നറിയിപ്പ് നല്‍കി.
