ഇറാന്‍ ആക്രമണങ്ങള്‍ക്കെതിരെ സൗദിയും യു എ ഇയും പ്രത്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

ഇറാന്‍ ആക്രമണങ്ങള്‍ക്കെതിരെ സൗദിയും യു എ ഇയും പ്രത്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്


റിയാദ്: ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി സൗദി അറേബ്യ മാര്‍ച്ച് അവസാനം ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ രഹസ്യ സൈനികാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥരെയും രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൗദി വ്യോമസേന നടത്തിയെന്നാണ് കരുതപ്പെടുന്ന ഈ ആക്രമണം ഇറാനെതിരെ സൗദി അറേബ്യ നേരിട്ട് സൈനിക നടപടി സ്വീകരിച്ച ആദ്യ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആക്രമണത്തില്‍ ഏത് കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരുന്നു. തുടര്‍ന്ന് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായി. സൈനിക താവളങ്ങള്‍, വിമാനത്താവളങ്ങള്‍, എണ്ണശാലകള്‍, പൊതുമേഖലാ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗതത്തെയും ഇത് ബാധിച്ചു.

സൗദിയുടെ രഹസ്യാക്രമണങ്ങള്‍ക്ക് ശേഷം കൂടുതല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് റിയാദ് നയതന്ത്ര മാര്‍ഗങ്ങളിലൂടെ തെഹ്‌റാനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും രഹസ്യ നയതന്ത്ര ചര്‍ച്ചകള്‍ ശക്തമാക്കി. തുടര്‍ന്ന് സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള അനൗപചാരിക ധാരണയിലേക്കും ഇരുവിഭാഗങ്ങളും എത്തിയതായാണ് വിവരം.

സൗദി സര്‍ക്കാര്‍ നേരിട്ട് ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മേഖലയില്‍ സ്ഥിരത ഉറപ്പാക്കാന്‍ സംഘര്‍ഷം കുറയ്ക്കലും ആത്മനിയന്ത്രണവും അനിവാര്യമാണ് എന്ന നിലപാട് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചു.

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആവര്‍ത്തിച്ചാക്രമണങ്ങള്‍ നടന്നതോടെ യു എ ഇയും ഇറാനെതിരെ പ്രത്യേക സൈനികാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിച്ചുവെന്ന സൂചനകളും ഉയരുന്നു.

അതേസമയം, സംഘര്‍ഷാവസ്ഥ രൂക്ഷമായിരുന്നിട്ടും സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ വിവിധ സംഘര്‍ഷങ്ങളില്‍ എതിര്‍പക്ഷങ്ങളെ പിന്തുണച്ചിരുന്ന ദീര്‍ഘകാല വൈരികളായ ഇറാനും സൗദിയും ചൈനയുടെ മധ്യസ്ഥതയില്‍ 2023ലാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്.

മാര്‍ച്ച് 25 മുതല്‍ 31 വരെ സൗദിക്കെതിരെ 105ലേറെ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മാര്‍ച്ച് അവസാനത്തിലെ തിരിച്ചടിക്കു ശേഷം ഇത് അടുത്ത ആഴ്ചയില്‍ 25ഓളം ആക്രമണങ്ങളായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എങ്കിലും മേഖലയിലെ സംഘര്‍ഷാവസ്ഥ പൂര്‍ണമായി അവസാനിച്ചിട്ടില്ല. പിന്നീട് ഇറാഖ് ആസ്ഥാനമായുള്ള ചില സംഘങ്ങള്‍ സൗദിക്കെതിരെ പ്രോജക്ടൈല്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബാഗ്ദാദിന്റെ അംബാസഡറെ സൗദി അറേബ്യ പ്രതിഷേധം അറിയിക്കാന്‍ വിളിച്ചുവരുത്തുകയും ചെയ്തു.