ജറുസലേം: ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു എ ഇ സന്ദര്‍ശിച്ച് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇരുനേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തിയത് ആദ്യമായാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
മാര്‍ച്ച് 26ന് ഒമാന്‍ അതിര്‍ത്തിക്കടുത്തുള്ള അല്‍-ഐന്‍ നഗരത്തിലായിരുന്നു കൂടിക്കാഴ്ച നടന്നതെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിരവധി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ ഇസ്രായേല്‍- യു എ ഇ ബന്ധത്തില്‍ 'ചരിത്രപരമായ മുന്നേറ്റം' കൈവരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധകാലത്ത് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ മേധാവി ദേദി ബര്‍ണിയ രണ്ട് തവണയെങ്കിലും യു എ ഇ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കാനായിരുന്നു സന്ദര്‍ശനമെന്നാണ് വിവരം. ഇതുസംബന്ധിച്ച വാര്‍ത്ത ദി വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്‍ യുദ്ധത്തിനിടെ ആക്രമണങ്ങള്‍ നേരിട്ടതിന് പിന്നാലെ യു എ ഇ അമേരിക്കയുമായും ഇസ്രായേലുമായും ബന്ധം കൂടുതല്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020ലെ അബ്രഹാം അക്കോഡ്‌സ് വഴിയാണ് യു എ ഇ ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചത്.
മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനും വാഷിങ്ടണിലേക്കുള്ള പ്രത്യേക നയതന്ത്ര ചാനലായി ഇസ്രായേലുമായുള്ള ബന്ധം ഉപയോഗിക്കാനുമാണ് യു എ ഇ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.
യുദ്ധകാലത്ത് യു എ ഇയ്ക്ക് സംരക്ഷണം നല്‍കുന്നതിന് ഇസ്രായേല്‍ തങ്ങളുടെ അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ബാറ്ററികളും അവ നിയന്ത്രിക്കാന്‍ സൈനിക സംഘത്തെയും അയച്ചതായി ഇസ്രായേലിലെ യു എസ് അംബാസഡര്‍ മൈക്ക് ഹക്കബീ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അമേരിക്ക- ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായുള്ള ഇറാന്റെ മിസൈല്‍ ആക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ലക്ഷ്യമാക്കപ്പെട്ടത് യു എ ഇയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളും ഊര്‍ജ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിരുന്നു.
ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കപ്പെട്ട സാഹചര്യത്തിലും എണ്ണ കയറ്റുമതി തുടരാന്‍ കഴിയുന്ന പ്രത്യേക പൈപ്പ്ലൈന്‍ സൗകര്യം യു എ ഇക്കുണ്ടെങ്കിലും യുദ്ധം നീളുകയാണെങ്കില്‍ ആഗോള സാമ്പത്തിക- വാണിജ്യ കേന്ദ്രമെന്ന രാജ്യത്തിന്റെ നിലപാടിന് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്.
