ചെന്നൈ: മുഖ്യമന്ത്രി വിജയ് യുടെ ഓഫീസിൽ സ്‌പെഷൽ ഡ്യൂട്ടി ഓഫീസറായി ജ്യോതിഷി റിക്കി രാധർ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ച നടപടി ടിവികെ സർക്കാർ പിൻവലിച്ചു. നിയമനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയത്.
ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയായിരുന്നു വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചത്. എന്നാൽ സർക്കാർ സംവിധാനത്തിൽ ജ്യോതിഷിയെ ഉൾപ്പെടുത്തിയതിനെതിരെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ വിമർശനം ശക്തമായി. പിന്നാലെ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയിലും ഹർജി സമർപ്പിക്കപ്പെട്ടു.
അഭിഭാഷകനായ കൃഷ്ണമൂർത്തിയാണ് കോടതിയെ സമീപിച്ചത്. നിയമന നടപടി ചട്ടവിരുദ്ധമാണെന്നും വ്യക്തിപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദവി നൽകിയതാണെന്നും ഹർജിയിൽ ആരോപിച്ചു. ദീർഘകാലമായി വിജയിയുടെ വ്യക്തിഗത ജ്യോതിഷിയും ആത്മീയ ഉപദേഷ്ടാവുമായിരുന്ന വെട്രിവേലിനെയാണ് സ്‌പെഷൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിലെ പ്രമുഖ ജ്യോതിഷികളിൽ ഒരാളായ വെട്രിവേൽ, തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപേ വിജയിയുടെ വിജയം പ്രവചിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. ഏകദേശം 40 വർഷമായി ജ്യോതിഷ രംഗത്ത് പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം. മുൻ മുഖ്യമന്ത്രി ജെ. ജയലളിത ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ വെട്രിവേലിന്റെ ഉപദേശം തേടിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
വിമർശനം ശക്തമായി; ജ്യോതിഷിയുടെ നിയമനം പിൻവലിച്ച് ടിവികെ സർക്കാർ
