പാക്കിസ്താൻ ഉൾപ്പെടെ 41 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി യുഎസ്

പാക്കിസ്താൻ ഉൾപ്പെടെ 41 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി യുഎസ്


വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദേശ രാജ്യങ്ങൾക്ക് അധികതാരിഫുകൾ ഏർപ്പെടുത്തിയതിനു പിന്നാലെ യാത്രാ നിയന്ത്രണം കടുപ്പിക്കാനും നീക്കംതുടങ്ങിയെന്ന് റിപ്പോർട്ട്. സുരക്ഷ മുൻനിർത്തി 41 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താനാണ് പുതിയ നീക്കം. 41 രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് അവിടുത്തെ പൗരന്മാർക്ക് വിസ വിലക്കുൾപ്പെടെ ഏർപ്പെടുത്താനാണ് തീരുമാനം.

ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.  അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, വടക്കൻ കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ എന്നിവയാണ് വിസ പൂർണമായും റദ്ദാക്കുന്ന ആദ്യ ഗ്രൂപ്പിലെ പത്തുരാജ്യങ്ങൾ.

ഇവിടെനിന്നുള്ളവരുടെ വിസ പൂർണമായും റദ്ദാക്കും. രണ്ടാം പട്ടികയിൽ വിസ അനുവദിക്കുന്നതിന് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളാണുള്ളത്. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകൾ അനുവദിക്കുന്നതിലാണ് നിയന്ത്രണം. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ചു രാജ്യങ്ങളാണ് പട്ടികയിൽ. 26 രാജ്യങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താനും ഭൂട്ടാനുമടക്കമുള്ള രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

അംഗോള, ആന്റിഗ്വ ആൻഡ് ബർബുഡ, ബെലാറസ്, ബെനിൻ, ബുർക്കിനാഫാസോ, കാബോ വെർഡെ, കംബോഡിയ, കാമറൂൺ, ഛാഡ്, കോംഗോ, ഡൊമനിക്ക, ഇക്വിറ്റോറിയൽ ഗ്വിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മൗറിത്താനിയ, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സെന്റ് ലൂക്ക, സാവോ ടോമെ ആൻഡ് പ്രിൻസിപ്പെ, സിയെറ ലിയോൺ, ഈസ്റ്റ് തിമോർ, തുർക്ക്‌മെനിസ്താൻ, വനുവാതു എന്നിവയാണ് പട്ടികയിലെ മറ്റു രാജ്യങ്ങൾ.

60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ സർക്കാരുകൾ തയാറായില്ലെങ്കിൽ ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ഭാഗികമായി റദ്ദാക്കും. പട്ടികയിൽ മാറ്റമുണ്ടാവാമെന്നും നിലവിലെ നിർദേശത്തിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ ഉൾപ്പെടെയുള്ളവരുടെ അനുമതി ലഭിച്ചിട്ടില്ലെന്നും അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

2017ൽ ട്രംപ് മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2018ൽ സുപ്രീംകോടതി തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെ 2021ൽ പ്രസിഡന്റ് ജോ ബൈഡനാണ് വിലക്ക് പിൻവലിച്ചത്. ജനുവരി 20ന് അധികാരം ഏറ്റെടുത്തതിനു പിന്നാലെ തന്നെ ട്രംപ് യു.എസിലേക്ക് വരുന്ന എല്ലാ വിദേശരാജ്യക്കാർക്കും സുരക്ഷ പരിശോധന കർശനമാക്കിയിരുന്നു.